Movie

കൗമാര വിദ്യാർഥികളുടെ കഥയുമായി ‘രംഗോലി’ നാളെ മുതൽ കേരളത്തിലും!

    തമിഴ് സിനിമയിൽ വളരെ അപൂർവമായി മാത്രമേ സ്കൂൾ പാശ്ചാത്തലത്തിൽ കൗമാരക്കാരെയും, അവരുടെ പ്രണയത്തെയും, കുടുംബത്തെയും ജീവിതത്തെയും അനാവരണം ചെയ്യുന്ന ഇതിവൃത്തത്തിലുള്ള സിനിമകൾ ഉണ്ടാകാറുള്ളൂ. അങ്ങനെ എത്തുന്ന പരീക്ഷണ സിനിമകൾ എല്ലാം തന്നെ പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയിട്ടുമുണ്ട്. ആ കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി എത്തുന്നു. നവാഗതരെ അണിനിരത്തി വാലി മോഹൻദാസ് രചനയും സംവിധാനവും നിർവഹിച്ച ‘രംഗോലി !’

‘മാനഗരം,’ ‘ദൈവ തിരുമകൾ’ എന്നീ സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഹമരീഷ് ‘ രംഗോലി ‘ യിലൂടെ നായകനായി എത്തുന്നു. പുതുമുഖങ്ങളായ പ്രാർത്ഥനാ സന്ദീപ്, അക്ഷയാ ഹരിഹരൻ , സായ്ശ്രീ പ്രഭാകരൻ എന്നിവരാണ് നായിക തുല്യമായ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആടുകളം മുരുകദാസ്, അമിത് ഭാർഗവ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സാധാരണ സർക്കാർ സ്കൂളിൽ പഠിക്കുന്ന മിടുക്കനായ ഒരു പയ്യൻ. അവന് സ്വന്തം മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി നാട്ടിലെ സമ്പന്നതയുടെ മുഖ മുദ്രയായ സ്വകാര്യ സ്കൂളിൽ ചേർന്ന് പഠിക്കേണ്ടി വരുന്നു. പുതിയ അന്തരീക്ഷത്തിൽ അവനു നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളിലൂടെയാണ് ‘രംഗോലി’യുടെ കഥ തുടങ്ങുന്നത്. സമകാലീന വിദ്യാർത്ഥി സമൂഹം നേരിടുന്ന പ്രതിസന്ധികൾ മറയില്ലാതെ പറയുകയാണ് സംവിധായകൻ. ഒരു റൊമാൻ്റിക് ഫാമിലി എൻ്റർടൈനറാണ് ‘രംഗോലി’ എന്നാണ് അണിയറക്കാർ ചിത്രത്തെ കുറിച്ച് വിശേഷിപ്പിക്കുന്നത്. ഗോപുരം സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധായകൻ സുന്ദരമൂർത്തിയാണ്. പ്രഗത്ഭ സംവിധായകരായ ലോകേഷ് കനകരാജ്, വെങ്കട്ട് പ്രഭു താരങ്ങളായ അരുൺ വിജയ്, അഥർവ, വാണി ഭോജൻ, ജി. വി പ്രകാശ് കുമാർ എന്നിവർ ചേർന്നു പുറത്തിറക്കിയ ചിത്രത്തിൻ്റെ ട്രെയിലറിന് വൻ സ്വീകരണമാണ് ആരാധകരിൽ നിന്നും ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. മുരളി സിൽവർ സ്ക്രീൻ പിക്ചേഴ്സ് ‘രംഗോലി’ നാളെ (സെപ്തംബർ 1) കേരളത്തിൽ റിലീസ് ചെയ്യും.

സി.കെ അജയ് കുമാർ, പി.ആർ.ഒ

Back to top button
error: