ആലപ്പുഴ: ചേര്‍ത്തല ചിത്രാഞ്ജലി തിയേറ്ററില്‍ ദമ്പതിമാരെ ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെ ആക്രമിച്ചതിനു നാലുപേരെക്കൂടി അറസ്റ്റുചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാംവാര്‍ഡ് വാരണം കാട്ടിപ്പറമ്പില്‍ വീട്ടില്‍ റെനീഷ് (കണ്ണന്‍-31), നാലാംവാര്‍ഡ് എസ്.എല്‍. പുരം കൈതവളപ്പില്‍ മിഥുന്‍ രാജ് (മഹേഷ്-31), നാലാംവാര്‍ഡ് വാരണം കല്പകശ്ശേരി വീട്ടില്‍ വിജില്‍ വി. നായര്‍ (32) എന്നിവരാണു ദമ്പതിമാരെ ആക്രമിച്ചതിനു പിടിയിലായത്.
മുഹമ്മ കുശാപ്പറമ്പ് വീട്ടില്‍ ബിനോയ് (40), മുഹമ്മ പതിനാലാം വാര്‍ഡ് നന്ദന്‍ കരുവേലിവീട്ടില്‍ ശരച്ചന്ദ്രന്‍ (20), പന്ത്രണ്ടാംവാര്‍ഡ് കളരിപ്പറമ്പില്‍ വീട്ടില്‍ സച്ചിന്‍ (കണ്ടപ്പന്‍-29), പതിനാലാം വാര്‍ഡ് പൂപ്പള്ളി വീട്ടില്‍ അനൂപ് (പാപ്പന്‍-28) എന്നിവരാണു പോലീസിനെ ആക്രമിച്ചതിനു പിടിയിലായത്.
ദമ്പതിമാരെ ആക്രമിക്കുന്നെന്നറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതികളിലൊരാളെ തിയേറ്ററിനകത്തുകയറി തിരയുന്നതിനിടെ നാലുപേര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. എസ്.ഐ. ആന്റണിയുടെ കൈതിരിക്കുകയും കഴുത്തിനു കുത്തിപ്പിടിക്കുകയും ചെയ്തു. എന്നാല്‍, പോലീസ് അക്രമികളെ കീഴ്പ്പെടുത്തി.
28-നു രാത്രി 9.30-ഓടെയാണു സംഭവം. സിനിമ കാണാനെത്തിയ ദമ്പതിമാരില്‍ ഭാര്യയോടു പ്രതികള്‍ മോശമായി സംസാരിക്കുകയും ഇതു ചോദ്യംചെയ്ത ഭര്‍ത്താവിനെ ആക്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ ചേര്‍ത്തല പോലീസ് രണ്ടുപേരെ പിടിച്ചു. രക്ഷപ്പെട്ട മൂന്നാമനെ 29-നാണു പിടിച്ചത്. രണ്ടുസംഘവും പരസ്പരം അറിയുന്നവരല്ല. ഒരു പ്രകോപനവുമില്ലാതെയാണു രണ്ടാമത്തെസംഘം പോലീസിനെ ആക്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.