KeralaNEWS

സഭ മാറിയതിനാൽ വിവാഹം നടത്തിയില്ല: ബിഷപ്പിനും പള്ളി വികാരിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജി

കണ്ണൂർ:സഭ മാറിയതിനാൽ വിവാഹം നടത്താനോ പള്ളിയിൽ കയറ്റാനോ തയ്യാറാകാതിരുന്ന പള്ളി വികാരിക്കും ബിഷപ്പിനുമെതിരെ കോടതിയലക്ഷ്യ ഹര്‍ജി.കോടതി അനുമതി നല്‍കിയിട്ടും വിവാഹം നടത്തി നല്‍കാത്ത സംഭവത്തില്‍ കോട്ടയം അതിരൂപത ആര്‍ച്ച്‌ ബിഷപ് മാത്യൂ മൂലക്കാട്ട്,
കാസർകോട് കൊട്ടോടി സെന്റ് ആന്‍സ് പള്ളി വികാരി ഫാ.സിജോ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യക്കേസ്.

ക്‌നാനായ സഭാംഗവും കാസര്‍ഗോഡ് കൊട്ടോടി ഇടവകാംഗവുമായ ജസ്റ്റിന്‍ ജോണ്‍ ഓഗസ്റ്റ് 25ന് നല്‍കിയ ഹര്‍ജിയിലാണ് കോടതിയലക്ഷ്യ നടപടി.കാസര്‍ഗോഡ് കൊട്ടോടി സ്വദേശിയായ ജസ്റ്റിന്‍ ജോണും തലശേരി അതിരൂപതയിലെ കൊട്ടോടി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകാംഗവുമായ വിജിമോള്‍ ഷാജിയും തമ്മിലുള്ള വിവാഹം മേയ് 18ന് വധുവിന്റെ പള്ളിയില്‍ വച്ച്‌ നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇവരുടെ മനഃസമ്മതവും ഇവിടെ നടന്നിരുന്നു. എന്നാല്‍ സെന്റ് ആന്‍സ് പള്ളി വികാരി ജസ്റ്റിന് വിവാഹക്കുറി നല്‍കാത്തതിനെ തുടര്‍ന്ന് ഇവരുടെ വിവാഹം മുടങ്ങുകയായിരുന്നു. വിവാഹത്തിന് ബന്ധുക്കളൂം സുഹൃത്തുക്കളുമായി ആയിരം പേരോളം പള്ളിയില്‍ എത്തിയെങ്കിലും കുറി ലഭിക്കാത്തതിനാല്‍ വിവാഹം മതാചാരപ്രകാരം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജസ്റ്റിന്‍ മാര്‍ച്ച്‌ 10ന് അനുകൂല വിധി നേടിയിരുന്നു.ജസ്റ്റിന് വിവാഹക്കുറി നല്‍കാന്‍ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ഇവരുടെ വിവാഹം നടത്തിക്കൊടുക്കാൻ പള്ളി വികാരി വിസമ്മതിച്ചു.തുടർന്ന് ബിഷപ്പിനെ കണ്ടെങ്കിലും അദ്ദേഹവും കൈമലർത്തി.ക്‌നാനായ സഭാംഗമായ ഒരാള്‍ മറ്റൊരു സഭയില്‍ നിന്ന് വിവാഹം കഴിച്ചാല്‍ ‘രക്തശുദ്ധി’ നഷ്ടപ്പെടുമെന്ന വാദമാണ് സമുദായം വച്ചുപുലര്‍ത്തുന്നത്.

Signature-ad

ഇതോടെ സ്വന്തം ഇടവക ദേവാലയത്തില്‍ നിന്നുമാറി വധുവിന്റെ ഇടവക ദേവാലയത്തില്‍ വച്ച്‌ വിവാഹ കര്‍മ്മങ്ങള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇവിടെയും പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നതോടെ അടച്ചിട്ട പള്ളിയുടെ മുറ്റത്ത് വച്ച്‌ മാലചാര്‍ത്തി ഇരുവരും പ്രതീകാത്മകമായി വിവാഹിതരാകുകയായിരുന്നു.വിവാഹത്തിന് അനുമതി നല്‍കാതിരുന്ന ആര്‍ച്ച്‌ ബിഷപ്പിന്റെയും വികാരിയുടെയും നടപടി കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിന്‍ വീണ്ടും കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Back to top button
error: