KeralaNEWS

സവർണ പൗരോഹിത്യത്തെ ചതച്ച ‘ചതയം’ ; ഇന്ന് ശ്രീനാരായണ ഗുരുജയന്തി

ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടിയ സന്യാസിയും ഇന്ത്യയിലെ സാമൂഹിക പരിഷ്കർത്താവുമായ നാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്.
ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും മഹാനായ സന്യാസിവര്യനും കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹ്യ പരിഷ്കർത്താവും ആണ് ശ്രീനാരായണഗുരു (18561928)ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതും അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മതീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു.
താഴ്ന്ന ജാതിയിൽപ്പെട്ടവർക്കുൾപ്പെടെ ദൈവാരാധാന നടത്തുവാനായി, ശ്രീനാരായണഗുരു കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു.രണ്ടുതവണ ശ്രീലങ്ക സന്ദർശിക്കുകയും അവിടെ ക്ഷേത്ര പ്രതിഷ്ഠ നടത്തുകയും ചെയ്തു. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. 1916-ൽ ജാതിയില്ലാ വിളംബരത്തിലൂടെ താൻ ഒരു ജാതിയുടെയും മതത്തിന്റെയും വക്താവായ ആളല്ലെന്നും താൻ ജാതിയും മതവും ഉപേക്ഷിച്ചിട്ട് സംവത്സരങ്ങൾ കഴിഞ്ഞുവെന്നും ഗുരു വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമപ്രദേശമായ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ കൊല്ലവർഷം 1032 ചിങ്ങം 5നാണ് ശ്രീനാരായണഗുരു ജനിച്ചത്. (1856 ഓഗസ്റ്റ് മാസം 20ന്).ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു.
1885-ൽ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു.സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ  ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരു അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുവിൻ്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുവിനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. 1888 മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ഒരു ശിവപ്രതിഷ്ഠ നടത്തി.അരുവിപ്പുറത്ത് നെയ്യാറിനുതീരത്തെ ഗുഹയിൽ ഏറെനേരത്തെ ധ്യാനത്തിനുശേഷമാണ് അദ്ദേഹം പ്രതിഷ്ഠ നടത്തിയത്. നെയ്യാറിൽ ശങ്കരൻകുഴിയിൽനിന്ന് മുങ്ങിയെടുത്ത വലിയ കല്ലാണ് അദ്ദേഹം ശിവപ്രതിഷ്ഠയ്ക്കായി ഉപയോഗിച്ചത്. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരു ചെയ്തത്.ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്.പൗരോഹിത്യത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു ചെയ്തത്.ബ്രാഹ്മണനല്ലാത്ത ഒരാൾ ദൈവപ്രതിഷ്ഠ നടത്തുന്നത് ഇതാദ്യമായിരുന്നു.

1904ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു. ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂർകണ്ണൂർഞ്ചുതെങ്ങ്തലശ്ശേരികോഴിക്കോട്മംഗലാപുരം, എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. 1912-ൽ ശിവഗിരിയിൽ ഒരു ശാരദാദേവിക്ഷേത്രവും നിർമ്മിച്ചു.

 

Signature-ad

1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു. അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര” എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം. ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

 

1928 സെപ്റ്റംബർ 20-നാണ് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ 72-ആം ജന്മദിനം കഴിഞ്ഞ് അപ്പോൾ മൂന്നാഴ്ച പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭൗതികശരീരം ശിവഗിരി മഠവളപ്പിൽ സമാധിയിരുത്തി.

Back to top button
error: