ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ശ്വാസം നിലച്ച് മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസുകാരിക്ക് സഹയാത്രികരായ ഡല്‍ഹി എയിംസിലെ അഞ്ച് ഡോക്ടര്‍മാര്‍ രക്ഷകരായി. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ബംഗളൂരുവില്‍ നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടി അബോധാവസ്ഥയിലായത്.
ഉടന്‍ വിമാനജീവനക്കാര്‍ യാത്രക്കാര്‍ക്കിടയില്‍ ഡോക്ടര്‍മാരുണ്ടോ എന്നറിയാന്‍ അനൗണ്‍സ്മെന്റ് നടത്തി. ബംഗളൂരുവില്‍ മെഡിക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഡല്‍ഹി എയിംസിലെ സീനിയര്‍ ഡോക്ടര്‍മാരായ നവദീപ് കൗര്‍, ദമന്‍ദീപ് സിംഗ്, ഋഷഭ് ജെയിന്, ഒയിഷിക, അവിചല തക്ഷക് എന്നിവര്‍ ഉടന്‍ കുട്ടിയുടെ അടുത്തെത്തി.
കുട്ടിയുടെ നാഡിമിടിപ്പ് നിലച്ചിരുന്നു. രക്തത്തില്‍ ഓക്സിജന്റെ അളവു കുറഞ്ഞ് ചുണ്ടുകളും വിരലുകളും നീലനിറമായിരുന്നു. ഡോക്ടര്‍മാര്‍ ഉടന്‍ കൃത്രിമ ശ്വാസം നല്കി. ഹൃദയമിടിപ്പ് വീണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. അതോടെ കുട്ടിക്ക് ബോധം തിരിച്ചു കിട്ടി.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിമാനം നാഗ്പൂരിലേക്ക് തിരിച്ചുവിട്ടു. അവിടെ ഒരു ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്കി. കുട്ടിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ഡല്‍ഹി എയിംസ് അറിയിച്ചു. രക്ഷകരായ ഡോക്ടര്‍മാരുടെ ചിത്രങ്ങളും പുറത്തുവിട്ടു. ഹൃദയത്തിന് ജന്മനായുള്ള തകരാറുമൂലം രക്തത്തില്‍ ഓക്സിന്റെ അളവു കുറയുന്ന അസുഖമാണ് കുട്ടിക്കെന്ന് എയിംസ് വിശദീകരിച്ചു. ബംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിലായിരുന്നു സംഭവം.