കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്കുനീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന മാപ്പപേക്ഷ നല്‍കുകയും ഷെയ്ന്‍ നിഗം അധികമായി ചോദിച്ച പ്രതിഫല തുകയില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങുകയും ചെയ്തതിനു പിന്നാലെയാണു നടപടി. രണ്ടു സിനിമകള്‍ക്കായി ശ്രീനാഥ് ഭാസി വാങ്ങിയ അഡ്വാന്‍സ് തിരികെ നല്‍കും.
ഏപ്രിലിലാണു ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങളെ വിലക്കിയത്. സെറ്റില്‍ താരങ്ങളുടേതു മോശം പെരുമാറ്റമെന്നും സിനിമകളുമായി സഹകരിക്കില്ലെന്നും സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കുകയായിരുന്നു. നിലവില്‍ ഡബ്ബിങ് നടക്കുന്ന സിനിമകള്‍ ഇരുവര്‍ക്കും പൂര്‍ത്തിയാക്കാമെന്നും പുതിയ സിനിമകള്‍ നിര്‍മാതാക്കള്‍ക്ക് അവരുടെ സ്വന്തം തീരുമാനത്തില്‍ ഇവരെ വച്ച് സിനിമ ചെയ്യാമെന്നും അതില്‍ സംഘടനയുടെ യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ലെന്നുമായിരുന്നു രഞ്ജിത് വാര്‍ത്താസമ്മേളനത്തില്‍ അന്ന് പറഞ്ഞത്.