IndiaNEWS

28 അടി ഉയരം, വില 10 കോടി; ജി20 ഉച്ചകോടി വേദിക്ക് മുന്‍പില്‍ കൂറ്റന്‍ നടരാജ ശില്‍പം ഉയരും

ചെന്നൈ: ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടി വേദിക്ക് മുന്‍പില്‍ നടരാജ ശില്‍പം സ്ഥാപിക്കും. 28 അടി ഉയരമുള്ള നടരാജ ശില്‍പം നിര്‍മിച്ചത് തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ സ്വാമിമലയിലാണ്. 19 ടണ്‍ ഭാരമുള്ള ശില്‍പം ഡല്‍ഹിയിലേക്ക് റോഡ് മാര്‍ഗ്ഗം അയച്ചു. 10 കോടി രൂപയാണ് ശില്‍പത്തിന്റെ നിര്‍മാണ ചെലവ്.

സഹോദരന്മാരായ ശ്രീകണ്ഠ സ്തപതി, രാധാകൃഷ്ണ സ്തപതി, സ്വാമിനാഥ സ്തപതി എന്നിവര്‍ ചേര്‍ന്നാണ് ശില്‍പം നിര്‍മിച്ചത്. സ്വര്‍ണം, വെള്ളി, ചെമ്പ്, മെര്‍ക്കുറി, ഇരുമ്പ്, സിങ്ക്, ഈയം, ടിന്‍ എന്നീ എട്ട് ലോഹങ്ങള്‍ ഉപയോഗിച്ചാണ് ശില്‍പത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചോള കാലഘട്ടത്തിലെ മാതൃകയാണ് ശില്‍പ നിര്‍മാണത്തിന് പിന്തുടര്‍ന്നതെന്ന് ശില്‍പികള്‍ പറഞ്ഞു.

Signature-ad

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനുവേണ്ടി ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്സിലെ (ഐജിഎന്‍എസി) പ്രൊഫസര്‍ അചല്‍ പാണ്ഡ്യ ശില്‍പം ഏറ്റുവാങ്ങി. ശില്‍പം റോഡ് മാര്‍ഗ്ഗം ഡല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പോളിഷ് ചെയ്യുന്നത് ഉള്‍പ്പെടെ അവസാന മിനുക്കുപണികള്‍ ശില്‍പം ഡല്‍ഹിയില്‍ എത്തിച്ചശേഷം നടത്തും.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ശില്‍പ നിര്‍മാണത്തിനുള്ള ഓര്‍ഡര്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം നല്‍കിയത്. ആറ് മാസം കൊണ്ട് ശില്‍പ നിര്‍മാണം പൂര്‍ത്തിയാക്കി. സെപ്തംബര്‍ 9, 10 തിയ്യതികളില്‍ ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് ജി20 ഉച്ചകോടി നടക്കുമ്പോള്‍ വേദിക്ക് മുന്‍പില്‍ തലയെടുപ്പോടെ നടരാജ വിഗ്രഹമുണ്ടാകും.

ജി20 സമ്മേളനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്. സമ്മേളന ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ ഉള്‍പ്പെടെ ഗതാഗത നിയന്ത്രണമുണ്ടാകും. സെപ്തംബര്‍ 8 മുതല്‍ 10 വരെ 160 ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കും. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും ഡല്‍ഹിയിലേക്ക് എത്തിച്ചേരേണ്ട 80 വിമാനങ്ങളുമാണ് റദ്ദാക്കുക. അതേസമയം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ജി20 ഉച്ചകോടി നടക്കുമ്പോള്‍ റോഡ് ഒഴിവാക്കി പരമാവധി മെട്രോയില്‍ യാത്ര ചെയ്യണമെന്ന് ഡല്‍ഹി പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

 

Back to top button
error: