”ദാ ഇങ്ങനെ… വായിലൂടെ എടുത്ത് മൂക്കിലൂടെ വിടൂ”; മന്ത്രിയുടെ പുകവലി ക്ലാസിന് വിമര്‍ശനം
റായ്പുര്‍: പുകവലിക്കാന്‍ പഠിപ്പിക്കുന്ന ഛത്തീസ്ഗഡ് മന്ത്രിയുടെ വീഡിയോയ്ക്ക് വ്യാപക വിമര്‍ശനം. മന്ത്രി കവാസി ലഖ്മയുടെ വീഡിയോ വൈറലായതിന് പിന്നാലെ സംസ്ഥാനത്തെ പ്രതിപക്ഷമായ ബിജെപിയാണ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. മന്ത്രി ബീഡി വലിച്ചുകൊണ്ട് എങ്ങനെയാണ് വലിക്കേണ്ടതെന്ന് ഒരു ഗ്രാമീണനോട് പറയുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വായിലൂടെ പുക ശ്വസിക്കാനും മൂക്കിലൂടെ പുറത്തുവിടാനും മന്ത്രി ഗ്രാമീണനോട് പറയുന്നതാണ് വീഡിയോയിലുള്ളത്. കവാസി ലഖ്മ ബീഡി വലിച്ചുകൊണ്ടാണ് ഗ്രാമീണന് പുകവലിക്കാനുള്ള ക്ലാസ് നല്‍കിയത്. വീഡിയോക്കെതിരെ രംഗത്തെത്തിയ ബിജെപി സംസ്ഥാന സര്‍ക്കാര്‍ ലഹരിവസ്തുക്കളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ചു.
വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതികരിക്കാത്തതിനെതിരെയും ബിജെപി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാരും കോണ്‍ഗ്രസും വിഷയത്തില്‍ കണ്ണടയ്ക്കുകയാണ്. ലഹരിമരുന്ന് ഉപയോഗത്തിന്റെ അന്തരീക്ഷം വളര്‍ത്തിയെടുക്കുകയാണെന്നും ബിജെപി വക്താക്കളായ അനുരാഗ് സിങ്ഡിയോയും നളിനീഷ് തോക്നെയും ആരോപിച്ചു.
छत्तीसगढ़ के दरुवा मंत्री @Kawasilakhma pic.twitter.com/K647BQxjly
— SIDDHARTH PATKAR (@Patkar_bjp) August 25, 2023
സംസ്ഥാനത്ത് മദ്യ-ലഹരിമരുന്ന് റാക്കറ്റ് വ്യാപകമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയിട്ടുണ്ടെന്നും കമ്മിഷന്റെ ആശങ്ക അതീവ ഗുരുതരമാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ഇക്കാര്യം ബിജെപി പലതവണ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്ത് മദ്യനിരോധനം ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനക്കെതിരെയും ബിജെപി നേതാള്‍ രംഗത്തെത്തി.