കാഞ്ഞങ്ങാട്: ഇടപാടുകാര്‍ പണയംവെച്ച സ്വര്‍ണമെടുത്ത് പല ആളുകളുടെ പേരില്‍ വീണ്ടും പണയപ്പെടുത്തി 58 ലക്ഷം രൂപ തട്ടിയ കേസില്‍ സഹകരണ ബാങ്ക് മാനേജര്‍ റിമാൻഡില്‍.
കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ മഡിയൻ ശാഖാ മാനേജരായിരുന്ന കാഞ്ഞങ്ങാട് അടമ്ബില്‍ സ്വദേശി ടി. നീനയെ (52) ആണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് ഭരണസമിതി ഇവരെ സസ്പെൻഡ് ചെയ്തിരുന്നു.
മാസങ്ങളുടെ ഇടവേളകളിലാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് ലോക്കറിലെ കവറുകളില്‍നിന്ന് ആരും കാണാതെ സ്വര്‍ണമെടുക്കുകയും സ്വന്തക്കാരെക്കൊണ്ട് വീണ്ടും അതു പണയംവെപ്പിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയത്.ഇവര്‍ക്ക് സ്ഥലംമാറ്റമുണ്ടായതിനെ തുടര്‍ന്ന് പുതിയ മാനേജര്‍ ബാങ്കിലെത്തി സ്വര്‍ണ സ്റ്റോക്കും ലഡ്ജറും ഒത്തുനോക്കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ബാങ്ക് സെക്രട്ടറിയുടെ പരാതിയിന്മേല്‍ കേസെടുത്ത് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷിക്കുന്നതിനിടെ പ്രതി ഒളിവില്‍ പോകുകയും ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യത്തിന് ഹര്‍ജി നല്‍കുകയും ചെയ്തു. ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകൻ നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച വൈകീട്ട് ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെത്തിയ പ്രതിയെ ഇൻസ്പെക്ടര്‍ കെ.പി. ഷൈൻ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.