ചെന്നൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന വിവാദങ്ങളോടും വിമർശനങ്ങളോടും പ്രതികരിച്ച് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഇന്ത്യക്കായി ഒറ്റ ഏകദിനത്തിൽ പോലും കളിച്ചിട്ടില്ലാത്ത തിലക് വർമയെ ഏഷ്യാ കപ്പ് ടീമിലെടുക്കുകയും ഏകദിനത്തിൽ മോശം റെക്കോർഡുള്ള സൂര്യകുമാർ യാദവിനെ ടീമിൽ നിലനിർത്തുകയും ചെയ്തപ്പോൾ ഏകദിനത്തിൽ മികച്ച റെക്കോർഡുള്ള മലയാളി താരം സഞ്ജു സാംസണെ റിസർവ് താരമായാണ് ഉൾപ്പെടുത്തിയത്. അതുപോലെ സ്പിന്നർ യുസ്വേന്ദ്ര ചാഹലിന് പകരം സെലക്ടർമാർ അക്സർ പട്ടേലിനാണ് ഏഷ്യാ കപ്പ് ടീമിൽ അവസരം നൽകിയത്.
ഇതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കാണ് അശ്വിൻ തൻറെ യൂട്യൂബ് ചാനലിലൂടെ മറുപടി നൽകിയത്. ഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിൻറെ പേരിൽ ടീമിലെടുത്ത താരങ്ങളെ ആരാധകർ മോശക്കാരായി ചിത്രീകരിക്കരുതെന്ന് അശ്വിൻ പറഞ്ഞു. ഇന്ത്യയെ പോലെ വലിയൊരു രാജ്യത്തു നിന്ന് ഒരു ടീം സെലക്ട് ചെയ്യുമ്പോൾ ചിലപ്പോൾ ചില നിർണായക താരങ്ങൾ ഒഴിവാക്കപ്പെട്ടേക്കാം. പക്ഷെ അപ്പോഴും നിങ്ങളുടെ ഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിൻറെ പേരിൽ ടീമിലെടുത്ത മറ്റ് താരങ്ങളെ മോശക്കാരായി ചിത്രീകരിക്കരുത്.
തിലക് വർമ ഏഷ്യാ കപ്പ് ടീമിലെത്തിയത് ആദ്യ പന്ത് നേരിടുന്നത് മുതൽ അയാൾ പുറത്തെടുക്കുന്ന ബാറ്റിംഗ് മനോഭാവവും വ്യക്തതയും കൊണ്ടാണ്. അയർലൻഡിൽ ഇതുവരെ തിളങ്ങിയില്ലെങ്കിലും അയാളിൽ ടീം മാനേജ്മെൻറിന് വിശ്വാസമുണ്ട്. മധ്യനിരയിൽ ബാക്ക് അപ്പായാണ് തിലകിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുപോലെയാണ് സൂര്യകുമാർ യാദവിൻറെ കാര്യവും. ടി20 ക്രിക്കറ്റിൽ ഇത്രയും മികച്ച റെക്കോർഡുള്ള സൂര്യയെ ഏകദിനത്തിലും ടീം പിന്തുണക്കുന്നതിൽ എന്താണ് തെറ്റ്. ലോകകപ്പ് നേടിയ ക്യാപ്റ്റൻമാരെയെല്ലാം നിങ്ങൾ നോക്കു, കളിക്കാരുടെ മികവിൽ വിശ്വാസമർപ്പിച്ചവരാണ് അവരെല്ലാം. അത് ധോണിയായാലും മറ്റ് ആരായാലും. ടി20 ക്രിക്കറ്റിൽ സൂര്യ ഓരോ മത്സരത്തിലും ചെലുത്തുന്ന പ്രഭാവം തന്നെ നോക്കു. അതുകൊണ്ടാണ് സൂര്യയെ ഏകദിന ടീമിലും മാനേജ്മെൻറ് പിന്തുണക്കുന്നത്.
ഇഷ്ട താരത്തെ ടീമിലെടുക്കാത്തതിന് ആരാധകർ തമ്മിൽ നടത്തുന്ന വിമർശനവും പരിഹാസവും അധിക്ഷേപവുമെല്ലാം ഐപിഎല്ലിൻറെ ഭാഗമാണ്. ഐപിഎൽ കഴിഞ്ഞാൽ ഒരു തുണികൊണ്ട് ആ ഭാഗം മൂടിവെക്കു. ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നവരെല്ലാം കളിക്കുന്നത് ഇന്ത്യക്കു വേണ്ടിയാണ്. വിരാട് കോലിക്കൊപ്പം സൂര്യകുമാർ ബാറ്റ് ചെയ്യുമ്പോൾ മുംബൈ താരമായതുകൊണ്ട് നിങ്ങൾ സൂര്യ പിന്തുണക്കാതിരിക്കുകയോ സൂര്യകുമാർ കളി ജയിപ്പിക്കണമെന്ന് ആഗ്രഹിക്കാതിരിക്കുകയോ ചെയ്യില്ലല്ലോ എന്നും അശ്വിൻ ചോദിച്ചു.