തിരുവനന്തപുരം: ഉയർന്ന അന്തരീക്ഷ താപനിലയിൽ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ആർജിസിബി) പഠനം. കൊതുകുകളിൽ ഉയർന്ന താപനിലയിൽ വളരുന്ന ഡെങ്കി വൈറസ് കൂടുതൽ തീവ്രത കൈവരിച്ചതായാണ് ആർജിസിബിയിലെ ഗവേഷക സംഘം കണ്ടെത്തിയത്. ഡെങ്കിപ്പനിയുടെ തീവ്രത തിരിച്ചറിയാനും രോഗം ലഘൂകരിക്കാനും സഹായിക്കുന്ന ഗവേഷണം ആഗോളതാപനം രോഗവ്യാപനത്തിന് വർധിപ്പിക്കുന്നുവെന്ന നിർണായക വസ്തുതയും പങ്കുവയ്ക്കുന്നു. പ്രതിവർഷം 390 ദശലക്ഷം കേസുകളാണ് ഇതുവഴി റിപ്പോർട്ട് ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
കൊതുകിൻറെ കോശങ്ങളിലും മനുഷ്യനിലും മാറിമാറി വളരാനുള്ള ഡെങ്കി വൈറസിൻറെ കഴിവ് രോഗവ്യാപനത്തിൽ നിർണായക ഘടകമാണെന്ന് ഫെഡറേഷൻ ഓഫ് അമേരിക്കൻ സൊസൈറ്റീസ് ഓഫ് എക്സ്പിരിമെൻറൽ ബയോളജി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗവേഷണ സംഘത്തലവൻ ഡോ. ഈശ്വരൻ ശ്രീകുമാർ പറയുന്നു. മൃഗങ്ങളെപ്പോലെ കൊതുകുകളുടെ ശരീരോഷ്മാവ് സ്ഥിരമല്ല. അന്തരീക്ഷ താപനിലയനുസരിച്ച് അത് കൂടുകയോ കുറയുകയോ ചെയ്യുന്നു. താപനില ഉയരുന്നത് കൊതുകിലെ വൈറസിൻറെ തീവ്രത കൂട്ടാൻ ഇടയാക്കും. കൊതുക് കോശങ്ങളിൽ ഉയർന്ന ഊഷ്മാവിലുള്ള വൈറസ് താഴ്ന്ന താപനിലയിൽ വളരുന്ന വൈറസിനേക്കാൾ അപകടകാരിയാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
ആർജിസിബി ഗവേഷക സംഘത്തിൽ അയൻ മോദക്, സൃഷ്ടി രാജ്കുമാർ മിശ്ര, മാൻസി അവസ്തി, ശ്രീജ ശ്രീദേവി, അർച്ചന ശോഭ, ആര്യ അരവിന്ദ്, കൃതിക കുപ്പുസാമി, ഈശ്വരൻ ശ്രീകുമാർ എന്നിവർ ഉൾപ്പെടുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടിയ കാലാവസ്ഥയിൽ ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുകിൻറെ വളർച്ച വർധിപ്പിക്കുമെന്നും കൂടുതൽ മാരകമായ ഡെങ്കി വൈറസ് മൂലമുള്ള ഗുരുതര രോഗവും രൂപപ്പെടുത്തുമെന്നും ഗവേഷകർ പറഞ്ഞു. രാജ്യത്ത് ഡെങ്കിപ്പനി പടർന്നുപിടിക്കുമ്പോഴും ഈ വശം ഇതുവരെ പരിശോധിച്ചിട്ടില്ല. ആഗോളതാപനത്തിൻറെ വർധിച്ചുവരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പകർച്ചവ്യാധികളിൽ അതുണ്ടാക്കുന്ന സ്വാധീനവും ഈ പഠനം തെളിയിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഡെങ്കിപ്പനി ചില സമയങ്ങളിൽ ഗുരുതരമാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനാണ് ഗവേഷകർ ശ്രമിച്ചതെന്നും ഡെങ്കിയുടെ തീവ്രത പ്രവചിക്കുന്നതിൽ ഈ പഠനത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ആർജിസിബി ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. എന്നാൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ രോഗത്തെ നിയന്തിക്കുന്നതിനോ തടയുന്നതിനോ ഫലപ്രദമായ വാക്സിനുകളോ ആൻറിവൈറലുകളോ ഇപ്പോഴുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനിതകമാറ്റം നടത്തിയ എലികളെ ഉപയോഗിച്ച് രാജ്യത്തു തന്നെ ആദ്യമായി സൃഷ്ടിച്ച ഒരു മോഡലിലാണ് പരീക്ഷണം നടത്തിയത്. ഉയർന്ന താപനിലയിൽ വളർന്ന വൈറസും എലിയുടെ രക്തത്തിലെ രോഗാണുവിൻറെ അളവിനെ ഗണ്യമായി വർധിപ്പിക്കുകയും ഹൃദയം, കരൾ, വൃക്ക തുടങ്ങിയവയിൽ അപകടരമായ കോശമാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്തു. കൂടാതെ മരണകാരണമാകുന്ന ആന്തരിക രക്തസ്രാവത്തിനും ഷോക്ക് സിൻഡ്രോമിനും ഇത് വഴിയൊരുക്കുന്നതായും പഠനത്തിൽ കണ്ടെത്തി.