കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി.ആര്‍. നാച്ചുറോ പാര്‍ക്ക് ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. കുട്ടികളുടെ പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. പി.വി.ആര്‍. നാച്ചുറോ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ. സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന ഭാഗം തുറന്നുകൊടുക്കാന്‍ അനുമതി നല്‍കിയത്.
കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്റ്റീല്‍ ഫെന്‍സിങ്ങിനുള്ളിലായിരിക്കണമെന്നും വാട്ടര്‍ റൈഡുകള്‍ നിര്‍മിച്ച സ്ഥലവുമായി ഇതിന് ബന്ധമില്ലെന്ന് പാര്‍ക്കിന്റെ ഉടമ ഉറപ്പുവരുത്തണമെന്നും ഭാഗികമായി പ്രവര്‍ത്തനാനുമതി നല്‍കിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 2018-ല്‍ കനത്ത മഴയില്‍ പാര്‍ക്കില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്. പാര്‍ക്ക് സ്ഥിതിചെയ്യുന്ന പ്രദേശം ഉരുള്‍പൊട്ടല്‍ മേഖലയാണെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.
കുട്ടികളുടെ പാര്‍ക്കിന് അനുമതി നല്‍കിയെങ്കിലും ബാക്കി നിര്‍മാണങ്ങളില്‍ അപകട സാധ്യത പരിശോധന നടത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. കോഴിക്കോട് സ്ഥിതിചെയ്യുന്ന സ്വകാര്യ ഏജന്‍സിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ക്കിന് പൂര്‍ണ പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യം പരിഗണിക്കുക.