KeralaNEWS

മന്ത്രിയിൽ നിന്നും മണ്‍സൂണ്‍ ബംപര്‍ സമ്മാനത്തുക ഏറ്റുവാങ്ങി ഹരിത കര്‍മ്മ സേനാംഗങ്ങള്‍

തിരുവനന്തപുരം:മന്ത്രിയിൽ നിന്നും മണ്‍സൂണ്‍ ബംപര്‍ സമ്മാനത്തുക ഏറ്റുവാങ്ങി ഹരിത കര്‍മ്മ സേനാംഗങ്ങള്‍.ഒന്നാം സമ്മാനത്തുകയായ പത്തുകോടി രൂപയുടെ ചെക്ക് മന്ത്രി ബാലഗോപാലാണ് കൈമാറിയത്.

ആദ്യമായാണ് ലോട്ടറി ജേതാക്കളെ ക്ഷണിച്ചുവരുത്തി സര്‍ക്കാര്‍ സമ്മാനത്തുക കൈമാറുന്നത്.മണ്‍സൂണ്‍ ബംപര്‍ ജേതാക്കളായ ഹരിത കര്‍മ്മ സേനാംഗങ്ങളായ ലീലയും കൂട്ടുകാരായ പത്തുപേരും ഇന്നലെ തന്നെ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച്‌ തലസ്ഥാനത്തെത്തിയിരുന്നു.

നറുക്കെടുപ്പ് നടന്ന അതേ വേദിയില്‍ തന്നെയാണ് സമ്മാനത്തുകയും സമ്മാനിച്ചത്. നറുക്കെടുപ്പിന്റെ ദൃശ്യങ്ങള്‍ അവര്‍ക്കായി വേദിയില്‍ പ്രദര്‍ശിപ്പിച്ചു. സന്തോഷം സമ്മാനിച്ച ദൈവത്തിനും സര്‍ക്കാരിനും നന്ദിയുണ്ടെന്ന് സമ്മാനാര്‍ഹരില്‍ ഒരാളായ ലീല പറഞ്ഞു.ഇത്തവണത്തെ ഓണം ബമ്ബറിലും ഇവര്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്.

MB 200261 എന്ന നമ്പറിനായിരുന്നു ഇത്തവണത്തെ മൺസൂൺ ബമ്പർ 10 കോടിയുടെ ഒന്നാം സമ്മാനം. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചേർന്നെടുത്ത ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.പാര്‍വതി, രാധ, ബിന്ദു, ഷീജ, ലീല, ലക്ഷ്മി വിജയന്‍, ചന്ദ്രിക, ശോഭ, കാര്‍ത്യായിനി, കുട്ടിമാളു, ബേബി എന്നിവര്‍ ചേര്‍ന്നായിരുന്നു ലോട്ടറി എടുത്തത്.
Signature-ad

ടിക്കറ്റ് വിലയായ 250 രൂപയില്‍ 25 രൂപ വീതം ഒമ്ബത് വനിതകളും ബാക്കി 25രൂപ രണ്ട് പേര്‍ ചേര്‍ന്നുമാണ് ഇട്ടത്. എത്ര തുക കിട്ടിയാലും തുല്യമായി വീതിക്കുമെന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു. നികുതിയും ഏജന്റ് കമ്മീഷനും കഴിച്ച്‌ 6 കോടി 16 ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിക്കുക.

ചടങ്ങില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തദ്ദേശം സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Back to top button
error: