KeralaNEWS

മലരിക്കൽ എന്ന കോട്ടയത്തിന്റെ പിങ്ക് സിറ്റി

കോട്ടയം: കോട്ടയത്തിന്റെ പിങ്ക് സിറ്റിയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്.പിങ്ക് വസന്തമായ തിരുവാര്‍പ്പ് മലരിക്കലിലെ ആമ്പൽ പാടം കാണാനാണ് സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്നത്.
തിരുവാര്‍പ്പ് മലരിക്കലില്‍ ഏക്കറുകളോളം പരന്നു കിടക്കുന്ന പാടങ്ങളിലാണ് ആമ്പല്‍പ്പൂക്കള്‍ പൂവിട്ടിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് വള്ളങ്ങളില്‍ യാത്ര ചെയ്ത് ആമ്പലുകള്‍ക്കിടയിലൂടെ കാഴ്ചകള്‍ കാണാനും അവസരമുണ്ട്.
1000 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന വിശാലമായ പാടത്താണ്  ആമ്പൽ പൂക്കൾ പട്ടുമെത്ത വിരിച്ചു നിൽക്കുന്നത്. വിനോദസഞ്ചാരികൾക്കൊപ്പം മോഡൽ, വെഡിങ്ങ് ഫോട്ടോ ഷൂട്ടുകൾക്കായും ആളുകൾ ഇവിടേയ്ക്ക് വരാറുണ്ട്.മലരിക്കലിനൊപ്പം അമ്പാട്ടുകടവിലും പനച്ചിക്കാട് പഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള കൊല്ലാട് കിഴക്കുപുറത്തും ഇത്തരത്തിൽ ആമ്പൽ പാടങ്ങളുണ്ടെങ്കിലും കൂടുതൽ ആളുകളെത്തുന്നത് മലരിക്കലാണ്.
ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ആമ്പലുകൾ പാടത്ത് വസന്തം തീർക്കുന്നത്. പൂക്കൾക്ക് ഒക്ടോബർ അവസാനം വരെയേ ആയുസ്സുണ്ടാകൂ.  ഒക്ടോബറിൽ കൃഷി സീസൺ തുടങ്ങുമ്പോൾ കർഷകർ പാടങ്ങൾ ഉഴുതു തുടങ്ങും. ആമ്പലുകളുടെ ഇലയും പൂക്കളും നശിക്കുമെങ്കിലും അടുത്ത വർഷത്തെ കരുതലായി പ്രകൃതി തന്നെ വിത്തുകൾ പാടത്തെ ചെളിയിൽ നിക്ഷേപിക്കും. പതിവു പോലെ ജൂലൈ മാസം മുതൽ വീണ്ടും പൂവിടാൻ തുടങ്ങും.
ആമ്പൽപൂവ് പൂർണ വളർച്ചയായാൽ കൊഴിയാതെ തണ്ടു വളഞ്ഞ് മെല്ലെ വെള്ളത്തിലേക്കു വീഴും. വിത്തിന്റെ പുറംഭാഗത്തിനു കറുപ്പുനിറമാണ്‌. അവ കായിൽ നിന്ന് വേർപെട്ട് ചെളിയിൽ വീണുകിടക്കും.പൂക്കൾക്ക് മൂന്നു നിര ദളങ്ങളുണ്ട്. താമരയെ അപേക്ഷിച്ച് ഇവയുടെ തണ്ടിന് ബലം കുറവാണ്. നീല കലർന്ന പച്ച നിറത്തോടു കൂടി ആമ്പലിന്റെ തണ്ടിന്‌ മൂന്നു മീറ്ററോളം നീളമുണ്ടാകും. പൂക്കൾ ജലോപരിതലത്തിൽ നിന്ന് ഒരടിയോളം ഉയരത്തിൽ കാണാനാവും.

Back to top button
error: