KeralaNEWS

പുതുപ്പള്ളിയിൽ വികസനം കെട്ടുകഥ: സർക്കാർ ഓഫീസുകൾ പലതും വാടകക്കെട്ടിടങ്ങളിൽ, തകർന്ന റോഡുകളും പാലങ്ങളും; മണ്ഡലത്തിന്റെ വികസനം ജെയ്ക്കിന്റെ മുദ്രാവാക്യം

കോട്ടയം: വാടകക്കെട്ടിടങ്ങളിലെ ജീവിതം എന്നവസാനിക്കുമെന്ന്‌ അറിയാതെ പൊടിപിടിച്ച്‌ കിടക്കുന്ന സർക്കാർ ഓഫീസുകൾ ഇന്നും പുതുപ്പള്ളിക്ക്‌ സ്വന്തം. മുൻ മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തായ പുതുപ്പള്ളിയിൽ മാത്രം നിരവധി ഓഫീസുകളാണ്‌ സ്വന്തമായി കെട്ടിടമില്ലാതെ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്‌.

കെ.എസ്‌.ഇ.ബി സെക്ഷൻ ഓഫീസ്‌, ലേബർ ഓഫീസ്‌, ഫുഡ്‌ സേഫ്‌റ്റി ഓഫീസ്‌, ഭൂജല വകുപ്പിന്റെ ഹൈഡ്രോളിക്‌ സർവേ ഓഫീസ്‌, രജിസ്‌ട്രാർ ഓഫീസ്‌ എന്നിവ ഇതിൽ ചിലതുമാത്രം. ദിവസേന നൂറുകണക്കിന്‌ ആളുകൾ എത്തുന്ന പ്രധാന ഓഫീസുകളാണ്‌ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നത്‌. റോഡുകളുടെ പാലങ്ങളുടെയും കാര്യം മഹാകഷ്ടം.

ഓഫീസുകൾ എല്ലാം ഒരു കൂരയ്‌ക്ക്‌ കീഴിലാക്കാൻ മിനി സിവിൽ സ്‌റ്റേഷൻ വേണമെന്ന പുതുപ്പള്ളിക്കാരുടെ ആവശ്യത്തിന്‌ വർഷങ്ങളുടെ പഴക്കമുണ്ട്‌. മിനി സിവിൽ സ്‌റ്റേഷന്‌ ഒരു കോടി രൂപ അനുവദിച്ചെങ്കിലും പണി പൂർത്തിയായില്ല. നിർമാണം പാതിവഴിയിലായ ആ കെട്ടിടം വികസനമെത്താത്ത നാടിന്റെ പ്രതീകമായി നിലനിൽക്കുന്നു.

എം.എൽ.എയും 25 വർഷം പഞ്ചായത്ത്‌ ഭരിച്ച യു.ഡി.എഫും പിന്നീടങ്ങോട്ട്‌ തിരിഞ്ഞുനോക്കാതിരുന്നതോടെ നാടിന്റെ സ്വപ്‌നം മങ്ങി. ഇത്തവണ പഞ്ചായത്തിൽ എൽ.ഡി.എഫ്‌ അധികാരത്തിലെത്തിയതോടെ പദ്ധതിക്ക്‌ വീണ്ടും ജീവനായി. പഞ്ചായത്തിന്റെ തനത്‌ ഫണ്ടിൽനിന്ന്‌ ഒരുകോടി രൂപ അനുവദിച്ചു.

പുതുപ്പള്ളിയുടെ വികസന മുരടിപ്പ് ഉയർത്തിക്കാട്ടിയാണ് ഇടതുപക്ഷവും ജെയ്ക് സി തോമസും അങ്കക്കളത്തിൽ ഇറങ്ങിയിരിക്കുന്നത്.

പുതുപ്പള്ളിയിലെ റോഡുകളുടെയും പാലങ്ങളുടെയും ഉൾപ്പെടെയുള്ള സമഗ്രമായ വികസനമാണ് എൽ ഡി എഫ് മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാടെന്ന് വ്യക്തമാക്കി ജെയ്ക് സി തോമസ്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജെയ്ക് ഇക്കാര്യം പങ്കുവെച്ചത്. കേരളത്തിലെ മറ്റ് പല മണ്ഡലങ്ങളിലെയും റോഡുകൾ വിദേശ രാജ്യങ്ങളിലേതിന് സമാനമായി വളരുമ്പോൾ ആ വളർച്ച പുതുപ്പള്ളിക്കും വേണമെന്നും ജെയ്ക് കുറിച്ചു.

ജെയ്കിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

കോട്ടയം ജില്ലയിലെ തന്നെ മറ്റ് പല നിയോജക മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കുമ്പോഴാണ് പുതുപ്പള്ളിയിലെ റോഡുകളുടെ ദൈന്യത നമുക്ക് വ്യക്തമാകുന്നത്. ഒരു പ്രദേശത്തിന്റെ വളർച്ചയുടെ അടിസ്ഥാന സംഗതികളിൽ ഒന്നാണ് അവിടുത്തെ റോഡുകൾ. നമ്മുടെ നാടിന്റെ ഇപ്പോഴുള്ള വികസന മുരടിപ്പിന്റെ നേർസാക്ഷ്യങ്ങളാണ് പുതുപ്പള്ളിയിലെ റോഡുകൾ. സഞ്ചാര യോഗ്യമല്ലാത്ത പൊട്ടിപൊളിഞ്ഞ റോഡുകളും വീതികുറഞ്ഞ പാലങ്ങളും മാറണം. വികസന വെളിച്ചത്തിന്റെ പുതിയ പാതയിലേക്ക് പുതുപ്പള്ളി മുന്നേറണം. കേരളത്തിലെ മറ്റ് പല മണ്ഡലങ്ങളിലെയും റോഡുകൾ വിദേശ രാജ്യങ്ങളിലേതിന് സമാനമായി വളരുമ്പോൾ ആ വളർച്ച പുതുപ്പള്ളിക്കും വേണം. പുതുപ്പള്ളിയിലെ റോഡുകളുടെയും പാലങ്ങളുടെയും ഉൾപ്പെടെയുള്ള സമഗ്രമായ വികസനമാണ് എൽഡിഎഫ് മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാട്.

Back to top button
error: