തിരുവനന്തപുരം: ലഹരിക്കച്ചവടക്കാരുടെ മര്‍ദനമേറ്റ് വക്കം സ്വദേശി ശ്രീജിത്ത് (അപ്പു-25) മരിച്ച കേസിലെ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. മങ്കാട്ടുമൂല സ്വദേശികളായ വിനീത് (കുരിയന്‍), പ്രണവ് (കുമ്പിടി), കോടാലിക്കോണം സ്വദേശികളായ ശ്രീജിത്ത് (ജിത്തു), വിജിത്ത് എന്നിവരെയാണ് പോലീസ് അന്വേഷിക്കുന്നത്. സംഭവത്തിനു ശേഷം ഇവര്‍ ഒളിവിലാണ്.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ വക്കത്തുനിന്നു ആനൂപ്പാറയിലെത്തിയ ശ്രീജിത്തിനെ സംഘംചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. രാത്രി പത്തുമണിയോടെ ചെമ്പൂര് സ്വദേശി അഖില്‍കൃഷ്ണനാണ് ശ്രീജിത്തിനെ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചത്. പിന്നാലെ അവനവഞ്ചേരി സ്വദേശി രാഹുലും ആശുപത്രിയിലെത്തി. ശ്രീജിത്ത് മദ്യപിച്ച് അബോധാവസ്ഥയിലായെന്നായിരുന്നു ഇവര്‍ ഡോക്ടറെ അറിയിച്ചത്. പരിശോധനയില്‍ ശ്രീജിത്ത് മരിച്ചെന്നു മനസ്സിലായതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിച്ചു. ഇതോടെയാണ് കൊലപാതകവിവരം പുറംലോകമറിഞ്ഞത്.
ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിക്കണമെന്ന് വിജിത്ത് ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ചാണ് രാഹുലും അഖില്‍കൃഷ്ണനും ആനൂപ്പാറയിലെത്തിയത്. ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ അഖില്‍കൃഷ്ണനൊപ്പം വിജിത്തും ഉണ്ടായിരുന്നതായി പോലീസിനു വിവരം കിട്ടിയിട്ടുണ്ട്. മരണം ഉറപ്പായപ്പോള്‍ ഇയാള്‍ ആശുപത്രിയില്‍നിന്നും ബൈക്കില്‍ കടന്നുവെന്നാണ് സൂചന.
രാഹുല്‍, അഖില്‍കൃഷ്ണന്‍ എന്നിവരെക്കൂടാതെ ശ്രീജിത്തിന്റെ സുഹൃത്തുക്കളും വക്കം സ്വദേശികളുമായ വൈശാഖ്, സതീഷ് എന്നിവരെയും ബുധനാഴ്ച രാത്രി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, ഇവര്‍ക്കാര്‍ക്കും ഈ സംഭവത്തില്‍ നേരിട്ടു ബന്ധമില്ലെന്ന് പോലീസ് പറയുന്നു. ഇവരെക്കൂടാതെ നിരവധിപ്പേരെ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ചോദ്യംചെയ്‌തെങ്കിലും പ്രതികളെ കണ്ടെത്താനുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല.
അതേസമയം, കേസില്‍ പോലീസ് അന്വേഷിക്കുന്ന വിനീതിന്റെ ബൈക്ക് വ്യാഴാഴ്ച രാത്രിവരെ ഇയാളുടെ വീടിനു സമീപം പണി നടക്കുന്ന വീടിനോടു ചേര്‍ന്നുള്ള ചായ്പില്‍ സൂക്ഷിച്ചിരുന്നതായി വിവരമുണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ ഈ ബൈക്ക് കാണാനില്ലെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
മര്‍ദനമേറ്റാണ് ശ്രീജിത്ത് മരിച്ചതെന്നാണ് മൃതദേഹപരിശോധന നടത്തിയ ഡോക്ടര്‍ പോലീസിനെ അറിയിച്ചത്. വടികൊണ്ടുള്ള നിരവധി അടിയേറ്റിട്ടുണ്ട്. ചവിട്ടുമേറ്റിട്ടുണ്ട്. മരണം ഉറപ്പാക്കുന്നതുവരെ അക്രമിസംഘം ശ്രീജിത്തിനെ മര്‍ദിച്ചതായാണ് സൂചന.