തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള യാത്ര ഇനിമുതൽ കെ എസ് ആര്‍ ടി സി യിൽ സൗജന്യമായിരിക്കും.അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
10-ാം തരം കഴിഞ്ഞ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സ്‌റ്റൈപ്പന്റ്, കോളേജ് ക്യാന്റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നല്‍കും.ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. കുടുംബാംഗങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാന മാര്‍ഗം കണ്ടെത്തി നല്‍കാനാവണമെന്ന് മഖ്യമന്ത്രി നിര്‍ദേശിച്ചു.
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേക ശുശ്രൂഷ നല്‍കുകയും പുനരധിവാസം ഉറപ്പാക്കുകയും വേണം.അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മാനസിക പ്രശ്‌നമുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ മനോരോഗ വിദഗ്ധരുടെ സേവനങ്ങള്‍ നല്‍കണം. മരുന്നുകളും ലഭ്യമാക്കണം. റേഷന്‍കാര്‍ഡുകള്‍ തരം മാറ്റാനുള്ള അപേക്ഷകളില്‍ ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തിയാക്കണം.ഭൂരഹിത- ഭവനരഹിത അതിദരിദ്രര്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി