ഡാലസ്: യുവതിയുടെ ദൃശ്യങ്ങള്‍ വിവിധ സൈറ്റുകളില്‍ പ്രചരിപ്പിച്ച് അപമാനിച്ചകേസില്‍ 120 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ മുന്‍ കാമുകനോട് കോടതി. യു.എസിലെ ടെക്‌സാസിലാണ് സംഭവം. 2022 -ലാണ് യുവതി തന്റെ മുന്‍ കാമുകനെതിരെ കേസ് കൊടുത്തത്. ഇരുവരും പിരിഞ്ഞതിന് ശേഷം യുവതിയുടെ ചില ചിത്രങ്ങള്‍ ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. അവളെ എല്ലായിടത്തും അപമാനിക്കുക എന്ന് ഉദ്ദേശിച്ചാണ് ഇയാള്‍ ഇത് ചെയ്തത് എന്ന് കോടതി നിരീക്ഷിച്ചു.
കോടതി രേഖകള്‍ പ്രകാരം യുവതിയും മുന്‍ കാമുകനും പ്രണയിച്ച് തുടങ്ങിയത് 2016 -ലാണ്. പ്രണയത്തിലായിരിക്കുന്ന സമയത്ത് തന്റെ ചില ചിത്രങ്ങള്‍ യുവതി ഇയാള്‍ക്ക് അയച്ച് കൊടുത്തിരുന്നു. എന്നാല്‍, 2021 -ല്‍ ഇരുവരും പിരിഞ്ഞു. ഇതിന് പിന്നാലെ ഇയാള്‍ യുവതിയുടെ അനുമതി ഇല്ലാതെ അവളുടെ ആ ചിത്രങ്ങള്‍ ഓണ്‍ലൈനിലും ചില അഡല്‍റ്റ് ഒണ്‍ലി സൈറ്റുകളിലും പോസ്റ്റ് ചെയ്യുകയായിരുന്നു.
പിന്നീട് അതിന്റെ ലിങ്കുകള്‍ അവളുടെ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എല്ലാം അയച്ചു കൊടുക്കുകയും ചെയ്തു. അതുപോലെ അവളുടെ ഫോണ്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഇ മെയില്‍ എല്ലാം അയാള്‍ പലവിധത്തില്‍ പരിശോധിച്ചിരുന്നു. അവളെ നിരീക്ഷിക്കാനായി ഇയാള്‍ യുവതിയുടെ അമ്മയുടെ വീട്ടില്‍ ആരും അറിയാതെ ക്യാമറയും വച്ചിരുന്നു.
‘ഈ ജീവിതകാലം മുഴുവനും നിനക്ക് ഇന്റര്‍നെറ്റില്‍ നിന്നും നിന്നെ കുറിച്ചുള്ള വിവരങ്ങള്‍ തുടച്ചുമാറ്റാന്‍ കഷ്ടപ്പെട്ട് ജീവിക്കേണ്ടി വരും. നീ കാണുന്ന ഓരോരുത്തരും അതൊക്കെ കണ്ട് നിന്നെ നോക്കിക്കൊണ്ടിരിക്കും. ഹാപ്പി ഹണ്ടിങ്’ എന്ന് അവള്‍ക്ക് ഇയാള്‍ സന്ദേശവും അയച്ചു. പിന്നാലെ, യുവതി കേസ് കൊടുക്കുകയായിരുന്നു. പോലീസും നിയമവും തന്നെ സഹായിച്ചു എന്ന് യുവതി പിന്നീട് പറഞ്ഞു.
”ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള ലൈംഗികാതിക്രമണം” എന്നാണ് അവളുടെ അഭിഭാഷകന്‍ ഇതിനെ വിശേഷിപ്പിച്ചത്. ”യുവതി വിജയിച്ചു എന്നതിന് തെളിവാണ് ഈ കോടതിവിധി” എന്നും വിധിക്ക് ശേഷം അഭിഭാഷകന്‍ പ്രതികരിച്ചു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിലൂടെ മാനസിക പീഡനം, ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമം ഇവ മൂന്നുമാണ് ഇയാള്‍ യുവതിയോട് കാണിച്ചത് എന്നും യുവതിക്ക് ലഭിക്കുന്ന തുക ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് അത് ചെയ്യാതിരിക്കാനുള്ള കാരണമായിത്തീരുമെന്ന് കരുതുന്നു എന്നും അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം, 2016 ല്‍ ഏകദേശം ഒരു കോടി അമേരിക്കക്കാര്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡാറ്റ ആന്‍ഡ് സൊസൈറ്റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനമനുസരിച്ച് ആ സ്ത്രീകളില്‍ ഏറെയും 18 മുതല്‍ 29 വരെ പ്രായമുള്ളവരാണ്.