KeralaNEWS

മലയാളികള്‍ക്കിനി പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങ മാസം

നാളെ ചിങ്ങം ഒന്ന്. കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം.ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാൻ തയ്യാറെടുപ്പുകൾ നടത്തേണ്ട സമയമായി എന്ന ഓർമ്മപ്പെടുത്തലിന്റേതും.
മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വർണങ്ങളുടേതാണ്.തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വർണവർണമുള്ള നെൽക്കതരുകൾ പാടങ്ങൾക്ക് ശോഭ പകരുന്ന കാലം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കം. തിരിമുറിയാതെ മഴപെയ്തിരുന്ന കർക്കടകത്തിന്റെ ദുരിതങ്ങൾ മലയാളി മറക്കാൻ തുടങ്ങുന്ന ദിവസം.
 ചിങ്ങമാസം ഒന്നാം തിയ്യതി കർഷക ദിനം കൂടിയാണ്. വർഷത്തിൽ 364 ദിവസവും മറ്റുള്ളവർക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കി വക്കപ്പെട്ട ദിവസം. അതുകൊണ്ടു തന്നെ ഈ ദിനം നമുക്ക് അവരെ ആദരിക്കാനായി  നീക്കിവക്കാം.
കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ ദേശീയോത്സവമായ ഓണവും ചിങ്ങമാസക്കാലത്താണ്. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം.ചിങ്ങമാസത്തിൽ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്.
ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ കൊണ്ട് നിറയും.ആശങ്കകൾ ഏറെയുണ്ടെങ്കിലും മനോഹരമായ പുലരിവിരിയുമെന്നും പ്രത്യാശിച്ചുകൊണ്ട്, എല്ലാവർക്കും  നല്ലൊരു പുതുവർഷം ആശംസിക്കുന്നു.

Back to top button
error: