KeralaNEWS

കര്‍ക്കടകത്തിലും വയല്‍ നനച്ച്‌ കര്‍ഷകര്‍

പാലക്കാട്: നെല്‍ച്ചെടികള്‍ക്കടിയിലൂടെ തെളിനീരുറവ കുതിച്ചുയരേണ്ട

കർക്കടകത്തിലും വയൽ നനച്ച് കർഷകർ.കൊടുംവെയിലില്‍ കൃഷി നശിക്കുമ്പോൾ അവർക്കിതല്ലാതെ മറ്റൊരു മാർഗമില്ല.പാലക്കാടൻ പാടശേഖരങ്ങളിലെ നെല്‍ക്കൃഷി മഴയില്ലാതായതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

നെല്‍ച്ചെടി കതിരണിഞ്ഞുതുടങ്ങിയ സമയത്തുണ്ടായ മഴയുടെ പിന്മാറ്റത്തെ മറികടക്കാൻ മോട്ടോര്‍പമ്ബുകളുമായി കര്‍ഷകര്‍ പരക്കംപായുകയാണ്. സമീപത്തെ വീടുകളിലെ കിണറുകളില്‍നിന്നാണ് വെള്ളം പമ്ബുചെയ്യുന്നത്. പകല്‍ കടുത്ത വെയിലായതിനാല്‍ വൈകീട്ടാണ് കര്‍ഷകര്‍ ജലസേചനം നടത്തുന്നത്. ഇത് രാത്രിവരെ നീളും.

Signature-ad

നെല്‍പ്പാടങ്ങളില്‍ നനവുണ്ടായില്ലെങ്കില്‍ ഭൂമി വിണ്ടുകീറുന്നതിനും വിളനാശത്തിനും കാരണമാകും. സമീപ ദിവസങ്ങളില്‍ മഴയുണ്ടാവില്ലെന്ന പ്രവചനം കര്‍ഷകരുടെ ആശങ്ക ഉയര്‍ത്തുകയാണ്.സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങി രണ്ടരമാസം പിന്നിടുമ്ബോഴും ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്.ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 15 വരെ ലഭിക്കേണ്ടിയിരുന്നത് 1556 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍, ലഭിച്ചതാകട്ടെ 877.1 മില്ലിമീറ്റര്‍ മഴമാത്രം. 44 ശതമാനം കുറവ്.

ജൂണില്‍ 60 ശതമാനം കുറവുരേഖപ്പെടുത്തിയപ്പോള്‍ ജൂലായില്‍ സ്ഥിതി മെച്ചപ്പെട്ടു. ഒൻപത് ശതമാനം കുറവു മാത്രമാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിലേക്കെത്തുമ്ബോള്‍ സ്ഥിതി വീണ്ടും രൂക്ഷമാകുകയാണ്. ഒന്നുമുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ 254.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 25.1 മില്ലിമീറ്റര്‍ മാത്രമാണ്. 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞവര്‍ഷങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമായത് ഓഗസ്റ്റ് ആദ്യ വാരത്തിലായിരുന്നു. നിലവില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അങ്ങനെ പോയാല്‍ വരുംമാസങ്ങളില്‍ സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുമെന്നാണ് സൂചന.

അതേസമയം സെപ്റ്റംബറില്‍ കേരളത്തില്‍ പതിവിലും കൂടുതല്‍ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതറിന്റെ പ്രവചനം. കിഴക്കൻ ചൈനക്കടലില്‍ രൂപപ്പെട്ട ഏതാനും ടൈഫൂണുകള്‍(പ്രാദേശികമായി രൂപപ്പെടുന്ന ചക്രവാതം) ചൈനയുടെ ഭാഗത്തേക്കു പോയതൊഴിച്ചാല്‍ ഇന്ത്യയിലെ മണ്‍സൂണിനെ സ്വാധീനിക്കുന്ന തരത്തിലുള്ള അന്തരീക്ഷമാറ്റം ഉണ്ടായിട്ടില്ല. സെപ്റ്റംബറില്‍ പസഫിക് സമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും ഉണ്ടാകുന്ന മാറ്റം രണ്ടാംവാരത്തില്‍ കേരളത്തില്‍ വീണ്ടും മഴ നല്‍കുമെന്നാണ് പ്രതീക്ഷ.

Back to top button
error: