ബംഗളുരു: 32 വയസുകാരനായ ചായ കച്ചവടക്കാരന് ഗോവയിലെ കസിനോയില്‍നിന്ന് 25 ലക്ഷം രൂപ ലഭിച്ചതിന് പിന്നാലെ തട്ടിക്കൊണ്ടുപോയി. ഒടുവില്‍ 15 ലക്ഷം രൂപ മോചനദ്രവ്യമായി നല്‍കിയതോടെയാണ് തട്ടിക്കൊണ്ടുപോയവര്‍ ചായക്കച്ചവടക്കാരനായ തിലക് മണികണ്ഠയെ വിട്ടയച്ചത്.
ഭാഗ്യം പരീക്ഷിക്കുന്നതിനായി ഒരിക്കലെങ്കിലും ഒരു കസിനോ സന്ദര്‍ശിക്കണമെന്നത് ഇയാളുടെ സ്വപ്നമായിരുന്നു. അങ്ങനെയാണ് അതുവരെ സമ്പാദിച്ച നാല് ലക്ഷം രൂപയുമായി യുവാവ് ഗോവയിലെ ചൂതാട്ടകേന്ദ്രത്തില്‍ എത്തുന്നത്. ചൂതാട്ടത്തില്‍ പങ്കെടുത്ത് ഇയാള്‍ക്ക് 25 ലക്ഷത്തോളം രൂപ ലഭിക്കുകയും ചെയ്തു. വളരെ സന്തോഷത്തോടെയാണ് മണികണ്ഠ ഗോവയില്‍നിന്ന് ബംഗളുരുവിലേക്ക് വണ്ടി കയറിയത്. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. മണികണ്ഠയ്ക്ക് ചൂതാട്ടത്തില്‍നിന്ന് ലക്ഷങ്ങള്‍ കിട്ടിയെന്ന വാര്‍ത്ത നാട്ടില്‍ കാട്ടുതീ പോലെ പടര്‍ന്നു. വീട്ടിലെത്തി ഒരുദിവസത്തിനകം ഇയാളെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി.
അവരുടെ പക്കല്‍നിന്ന് രക്ഷപ്പെടാനായി 15 ലക്ഷം രൂപ മോചനദ്രവ്യമായി വിവിധ ആളുകളുടെ അക്കൌണ്ടിലേക്ക് അയച്ചു നല്‍കുകയായിരുന്നു. പണം ലഭിച്ചതോടെ തട്ടിക്കൊണ്ടുപോയവര്‍ മണികണ്ഠയെ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഉപേക്ഷിച്ചു. പോലീസില്‍ പരാതി നല്‍കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സംഘം തിലകിനെ ഭീഷണിപ്പെടുത്തി.
ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 മണിയോടെയാണ് തട്ടിക്കൊണ്ടുപോകുന്നത്. ഓഗസ്റ്റ് ആറിന് രാവിലെ വിട്ടയയ്ക്കുകയും ചെയ്തു. വധഭീഷണി ഉണ്ടായിരുന്നെങ്കിലും മണികണ്ഠ സംഭവത്തില്‍ പോലീസിന് പരാതി നല്‍കി. ജൂലൈ 30നാണ് തിലക് മണികണ്ഠ സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോയത്. അവിടെ മണ്ഡോവി നദിയുടെ തീരത്തുള്ള മജസ്റ്റിക് പ്രൈഡ് കസിനോയിലാണ് ഇദ്ദേഹം പോയത്. 25 ലക്ഷം രൂപ ലഭിച്ചതോടെ തിലക് ഓഗസ്റ്റ് നാലിന് ബംഗളുരുവിലേക്ക് മടങ്ങുകയും ചെയ്തു.
പിറ്റേദിവസം രാവിലെ വീടിന് സമീപത്തെ ബേക്കറിക്ക് മുന്നില്‍ നില്‍ക്കുമ്പോഴാണ് കാറിലെത്തിയ ഒരു സംഘം ആളുകള്‍ തിലക് മണികണ്ഠയെ തട്ടിക്കൊണ്ടുപോയത്. മൈസുരു റോഡിലെ ജ്ഞാനഭാരതി ക്യാംപസിന് സമീപമുള്ള ഒഴിഞ്ഞ പ്രദേശത്തേക്കാണ് തിലകിനെ സംഘം കൊണ്ടുപോയത്. അവിടെ ആള്‍പാര്‍പ്പില്ലാത്ത വീട്ടിലെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.
ഇതിനുശേഷം 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംഘം തിലകിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. വടി ഉപയോഗിച്ചായിരുന്നു മര്‍ദനം. തിലകിന്റെ മൊബൈല്‍ഫോണ്‍ ബലമായി പിടിച്ചുവാങ്ങുകയും ഓണ്‍ലൈന്‍ ബാങ്കിങ് വഴി വിവിധ അക്കൌണ്ടുകളിലേക്ക് 15 ലക്ഷം രൂപ കൈമാറ്റം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണെന്നും, ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.