പാലക്കാട്: കാലവർഷം പകുതി പിന്നിട്ടിട്ടും പാലക്കാട് മഴ മാറി നിൽക്കുകയാണ്. അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്നതോടെ, കാർഷിക ജലസേചന പദ്ധതികൾ പ്രതിസന്ധിയിലായി. ഞാറ്റുവേല കലണ്ടർ താളം തെറ്റിയതോടെ, കതിരിടും മുൻപ് പാലക്കാട്ടെ പാടശേഖരങ്ങൾ വരണ്ടുണങ്ങി തുടങ്ങി. തിരുവാതിര തിരി മുറിയാതെ എന്ന പഴഞ്ചാല്ല് അടുത്ത കാലം വരെ പാലക്കാട് യാഥാർത്ഥ്യമായിരുന്നു. ജൂണിൽ തുടങ്ങി സെപ്തംബർ വരെ മഴയുടെ സമൃദ്ധിയായിരുന്നു. എന്നാൽ ഇക്കുറി കണക്ക് പാളി. തിരുവാതിര ഞാറ്റുവേല കഴിഞ്ഞ് പൂയം എത്തിയിട്ടും മഴ മാത്രമില്ല. ഇങ്ങനെ പോയാൽ, കതിരിടും മുമ്പേ നെൽച്ചെടി കരിഞ്ഞുണങ്ങുമെന്നാണ് കർഷകർ പറയുന്നത്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം കിട്ടേണ്ടതിന്റെ പകുതി മഴ മാത്രമാണ് പാലക്കാട് ജൂൺ മുതൽ ഓഗസ്റ്റ് വരെ കിട്ടിയത്. 611 മില്ലീമീറ്റർ മഴ മാത്രം. നിലവിലെ ശരാശരി അന്തരീക്ഷ താപനില 33 ഡിഗ്രി. ചൂടിന്റെ കാഠിന്യമറിയിച്ച് പലയിടത്തും കൊന്ന പൂത്തു തുടങ്ങി. മൺസൂൺ തുടക്കത്തിൽ അറബിക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി, കാലവർഷക്കാറ്റിനെ കവർന്നതും ഭൂമിശാസ്ത്ര പ്രത്യേകത കാരണം കാറ്റ് നേരത്തെ ചുരം കടന്നതും പാലക്കാടിന് തിരിച്ചടിയായി.