LIFETravel

ഒരു കാലത്ത് പോലീസ് പോലും പോകാൻ മടിച്ചിരുന്ന വീരപ്പന്റെ കാട്ടു താവളത്തിലേയ്ക്ക് പ്രത്യേക സഫാരി

മിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പൊലീസിനെ ഏറെ വലച്ച കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന്റെ കാട്ടിലെ താവളം ഒരു ടൂറിസ്റ്റ് കേന്ദ്രമായി വൈകാതെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. കര്‍ണാടക വനം വകുപ്പ് ഇതിനുള്ള ശ്രമങ്ങളിലാണ്. വീരപ്പന്റെ വനംകൊള്ള കഥകള്‍ കേട്ട് ആരും പോകാന്‍ ഭയന്നിരുന്ന ഗോപിനാഥം വനഗ്രാമമാണ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കുന്നത്. ഇവിടേക്ക് പ്രത്യേക സഫാരി (Jungle Safari) ആരംഭിക്കാനാണു പദ്ധതി.

വീരപ്പന്‍ കൊല്ലപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയിലെ പഴയ താവളത്തിലേക്ക് മറ്റാരും പോകാറുണ്ടായിരുന്നില്ല. വീരപ്പന്‍ വേട്ടയുടെ ഭാഗമായി പോലീസിന്റേയും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റേയും നിരന്തര റെയ്ഡുകളും പീഡനങ്ങളും കാരണം ഗോപിനാഥം ഗ്രാമവാസികളും ഇവിടം ഉപേക്ഷിച്ചു പോയിരുന്നു. വീരപ്പന്റെ കാലത്ത് പൊലീസ് പോലും കടന്നുചെല്ലാന്‍ ഭയപ്പെട്ടിരുന്ന പ്രദേശമാണിത്. വീരപ്പന്റെ താവളം എന്ന കൗതുകം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ഇതൊരു വനം ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാന്‍ പദ്ധതിയിട്ടത്.

സര്‍ക്കാരിനു കീഴിലുള്ള ജംഗിള്‍ ലോഡ്ജസ് ആന്റ് റിസോര്‍ട്‌സിനു (Jungle Lodges & Resorts) നിലവില്‍ ഗോപിനാഥം ഗ്രാമത്തിനു സമീപം മിസ്ട്രി ട്രെയ്ല്‍ ക്യാംപ് എന്ന പേരില്‍ പ്രത്യേക ക്യാംപ് സൗകര്യമുണ്ട്. എം എം ഹില്‍സിനും ഹൊക്കനഗല്‍ വെള്ളച്ചാട്ടത്തിനും ഇടയിലാണ് ഈ ക്യാംപ്. ഇവിടെ എത്തുന്ന ടൂറിസ്റ്റുകള്‍ക്കു മാത്രമെ വീരപ്പന്റെ താവളത്തിലേക്ക് ഇപ്പോള്‍ പ്രവേശനമുള്ളൂ. എംഎം ഹില്‍സിലേക്കും കാവേരി വന്യജീവി സങ്കേതത്തിലേക്കും വരുന്ന വന്യജീവി ഫോട്ടോഗ്രാഫര്‍മാരേയും പക്ഷി നിരീക്ഷകരേയും ട്രക്കിങ് നടത്തുന്നവരേയും ലക്ഷ്യമിട്ട് 1.3 കോടി ചെലവില്‍ നിര്‍മ്മിച്ചതാണ് ഈ ക്യാംപ്. എന്നാല്‍ പ്രതീക്ഷിച്ചത്ര വിജയം കാണാത്തതിനെ തുടര്‍ന്നാണ് വീരപ്പന്റെ കഥ ഉപയോഗിച്ച് സര്‍ക്കാര്‍ ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. നേരത്തെ പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല.

മിസ്ട്രി ട്രെയ്ല്‍ ക്യാംപിന്റെ ഭാഗമായി ഏതു കഠിന കാലാവസ്ഥയേയും പ്രതിരോധിക്കുന്ന ഇഗ്ലൂ മാതൃകയിലുള്ള ടെന്റുകളും കയാക്കിങ്, കോറാക്കിള്‍ റൈഡിങ് തുടങ്ങിയ സാഹസിക കായിക വിനോദങ്ങള്‍ക്കും പക്ഷി നിരീക്ഷണത്തിനുമുള്ള സൗകര്യങ്ങളുണ്ട്.

പൊതുജനങ്ങള്‍ക്കു വേണ്ടി ഗോപിനാഥം ഒരു സഫാരി കേന്ദ്രമാക്കി വികസിപ്പിക്കാനാണു പദ്ധതിയെന്ന് മൈസൂരു സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. മാലതി പ്രിയ എം പറഞ്ഞു. ഈ പ്രദേശം കാവേരി വന്യജീവി സങ്കേതത്തിലുള്‍പ്പെട്ടതാണ്. അതുകൊണ്ടു തന്നെ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമെ പദ്ധതിക്ക് അന്തിമ രൂപം നല്‍കൂവെന്നും അവര്‍ പറഞ്ഞു. പദ്ധതി സംരക്ഷിത വനമേഖലയ്ക്ക് ഭീഷണിയാണെന്ന വാദവുമായി പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തുണ്ട്.

Back to top button
error: