BusinessTRENDING

യുപിഐ ഇടപാടുകളിൽ പുതിയ മാറ്റം വരുന്നു; ഫോണ്‍ പേ, ഗൂഗളില്‍ പേ അടക്കമുള്ള യുപിഐ ട്രാന്‍സാക്ഷന്‍ ആപ്ലിക്കേഷനുകള്‍ക്ക് വെല്ലുവിളി?

ഡൽഹി: ചുരുങ്ങിയ സമയം കൊണ്ട് ഏറെ ജനപ്രിയമായി മാറിയ യൂണിഫൈഡ് പേയ്മെന്റ് സംവിധാനത്തിൽ പുതിയ മാറ്റം വരുന്നു. വ്യക്തികൾക്ക് യുപിഐ ഇടപാടുകൾ നടത്താൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷന്റെ ആവശ്യമില്ലെന്നതാണ് ഇതിന്റെ സവിശേഷത. വരും നാളുകളിൽ ഇത് പ്രാബല്യത്തിൽ വരുന്നതോടെ ഗൂഗ്ൾ പേയും ഫോൺ പേയും അടക്കമുള്ള യുപിഐ ട്രാൻസാക്ഷൻ ആപ്ലിക്കേഷനുകൾക്ക് വെല്ലുവിളിയാവുമെന്നും ഈ രംഗത്തുള്ളവർ പ്രവചിക്കുന്നു.

യുപിഐ പ്ലഗിൻ എന്നോ അല്ലെങ്കിൽ മർച്ചന്റ് സോഫ്റ്റ്‍വെയർ ഡെവലപ്‍മെന്റ് കിറ്റ് എന്നോ വിളിക്കാവുന്ന സംവിധാനമാണ് പുതിയതായി വരുന്നത്. ഇതിലൂടെ വ്യാപാരികൾക്ക് ഒരു വിർച്വൽ പേയ്മെന്റ് അഡ്രസ് സൃഷ്ടിക്കാനും പ്രത്യേക പേയ്മെന്റ് ആപ്ലിക്കേഷനുകളൊന്നും ഉപയോഗിക്കാതെ ഈ അഡ്രസ് ഉപയോഗിച്ച് ഉപഭോക്താക്കളിൽ നിന്ന് പണം സ്വീകരിക്കാനും സാധിക്കും എന്നതാണ് പ്രത്യേകത. നിലവിലുള്ളതിനേക്കാൾ അൽപം കൂടി വേഗത്തിലും, മൊബൈൽ ഫോണിൽ ഒരു പേയ്മെന്റ് ആപ്ലിക്കേഷനും ഇൻസ്റ്റാൾ ചെയ്യാതെയും യുപിഐ ഇടപാടുകളിലൂടെ പണം നൽകാൻ സാധിക്കുമെന്നതാണ് നേട്ടം.

Signature-ad

ഉദാഹരണമായി ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ, ഒരു ഭക്ഷണ വിതരണ ആപ്ലിക്കേഷനിൽ റസ്റ്റോറന്റും ഭക്ഷണവും തെരഞ്ഞെടുത്ത് കഴിഞ്ഞ് പണം നൽകാൻ യുപിഐ ഇടപാട് തെരഞ്ഞെടുക്കുമ്പോൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺ പേ പോലുള്ള ഒരു ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കുകയും അവിടെ പണം നൽകിയ ശേഷം വീണ്ടും ഭക്ഷണ വിതരണ ആപ്പിലേക്ക് തിരികെയെത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഒരു ആപ്ലിക്കേഷനിൽ നിന്ന് മറ്റൊരു ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കുകയും തിരികെ വരികയും ചെയ്യുമ്പോൾ ഇടപാട് റദ്ദാവാനോ പൂർത്തിയാവാതിരിക്കാനോ സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കുന്നതാണ് പുതിയ രീതി.

പണം നൽകാനായി യുപിഐ തെരഞ്ഞെടുക്കുമ്പോൾ തന്നെ മറ്റ് ആപ്ലിക്കേഷനുകൾ തുറക്കാതെ യുപിഐ ഇടപാടും നടത്തുന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിലൂടെ ഇടപാടുകളുടെ വിജയ സാധ്യത ഏതാണ്ട് 15 ശതമാനത്തിലധികം വർദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ സംവിധാനം ഒരു വെല്ലുവിളിയാവുമെന്ന തരത്തിലാണ് ഫോൺപേ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാർ രാഹുൽ ഛാരി കഴിഞ്ഞ മാസം പ്രതികരിച്ചത്. എന്നാൽ ഇതിൽ ഇടപാടുകളുടെ വിജയ ശതമാനം കൂട്ടാൻ സാങ്കേതികമായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറയുന്നു.

നിലവിലെ രീതിയിൽ നിന്ന് ഇടപാടുകളുടെ ഉത്തരവാദിത്തം ബാങ്കുകളിലേക്കും മെർച്ചന്റ് ആപ്ലിക്കേഷനുകളിലേക്കും മാറ്റുന്നു എന്നത് മാത്രമാണ് സംഭവിക്കുന്നതെന്ന് രാഹുൽ ഛാരി കൂട്ടിച്ചേർത്തു. വ്യാപാരികൾക്ക് അവരുടെ ബിസിനസിൽ ശ്രദ്ധിക്കാനുള്ള സമയം ഇത്തരം കാര്യങ്ങളിൽ കൂടുതലായി ചെലവഴിക്കേണ്ട അവസ്ഥ ഉണ്ടാവുക മാത്രമാണ് ഫലത്തിൽ സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: