KeralaNEWS

മനുഷ്യ ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് വാഴകള്‍ അടിയന്തിരമായി വെട്ടി മാറ്റിയതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി; ഉചിതമായ സഹായം നല്‍കുന്നതിനുള്ള തീരുമാനം എടുക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: മനുഷ്യ ജീവന് അപകടമുണ്ടാകാൻ സാധ്യതയുള്ളത് കൊണ്ടാണ് കോതമംഗലത്ത് വാരപ്പെട്ടിയിൽ വൈദ്യുതി ലൈനിന് സമീപം വളർന്ന വാഴകൾ അടിയന്തിരമായി വെട്ടി മാറ്റിയതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇടുക്കി ജല വൈദ്യുത പദ്ധതിയിൽ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉൽപ്പാദന ശേഷി ഉപയോഗിക്കണമെങ്കിൽ പ്രസ്തുത ലൈൻ തകരാർ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. അടിയന്തിര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ മാനുഷിക പരിഗണന നൽകി പ്രത്യേക കേസായി പരിഗണിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഉചിതമായ സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു. പരാതി ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കെഎസ്ഇബിയുടെ പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകുവാൻ നിർദ്ദേശിച്ചിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി കൃഷ്ണൻകുട്ടിയുടെ കുറിപ്പ്:

ഇടുക്കി – കോതമംഗലം 220 കെ വി ലൈനിനു കീഴിലുള്ള വാരപ്പെട്ടിയിലാണ് കെ എസ് ഇ ബി ജീവനക്കാർ വാഴകൾ വെട്ടി മാറ്റിയതായി പരാതി വന്നിട്ടുള്ളത്. പ്രസ്തുത പരാതി ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കെ എസ് ഇ ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്ററോട് മേൽ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകുവാൻ നിർദ്ദേശിച്ചിട്ടുണ്ട്.

പ്രസ്തുത 220 കെ വി ലൈനിന് കീഴിൽ പരാതിക്കാരൻ വാഴകൾ നട്ടിരുന്നു എന്നും, അവ ലൈനിന് സമീപം വരെ വളർന്നിരുന്നു എന്നും പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാക്കുന്നു. ഈ മാസം നാലാം തീയതി 12.56 ന് മൂലമറ്റം നിലയത്തിൽ നിന്നുള്ള പ്രസ്തുത ലൈൻ തകരാരിലാകുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ പരാതിക്കാരന്റെ വാഴയുടെ ഇലകൾ കാറ്റടിച്ചപ്പോൾ ലൈനിന് സമീപം എത്തുകയും ചില വാഴകൾക്ക് തീ പിടിക്കുകയും ചെയ്തു എന്നും മനസ്സിലാക്കുന്നു. കെ എസ് ഇ ബി എൽ ജീവനക്കാർ സ്ഥല പരിശോധന നടത്തിയപ്പോൾ, സമീപവാസിയായ ഒരു സ്ത്രീയ്ക്ക് ചെറിയ തോതിൽ വൈദ്യുതി ഷോക്ക് ഏറ്റതായും മനസ്സിലാക്കി.

വൈകുന്നേരം ഇടുക്കി – കോതമംഗലം 220 കെ വി ലൈൻ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാൽ, മനുഷ്യ ജീവന് അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ലൈനിന് സമീപം വരെ വളർന്ന വാഴകൾ അടിയന്തിരമായി വെട്ടിമാറ്റി ലൈൻ ചാർജ് ചെയ്തു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. മാത്രമല്ല, ഇടുക്കി ജല വൈദ്യുത പദ്ധതിയിൽ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉൽപ്പാദന ശേഷി ഉപയോഗിക്കണമെങ്കിൽ പ്രസ്തുത ലൈൻ തകരാർ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. അടിയന്തിര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായത്. എന്നാൽ, മാനുഷിക പരിഗണന നൽകി ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച് ഉചിതമായ സഹായം നൽകുന്നതിനുള്ള തീരുമാനം എടുക്കാൻ കെ എസ് ഇ ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്റർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Back to top button
error: