NEWSWorld

പാകിസ്ഥാനില്‍ വന്‍ ട്രെയിന്‍ അപകടം; 30 ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

നവാബ്ഷാ: പാകിസ്ഥാനിലെ നവാബ്ഷായിൽ ട്രെയിൻ പാളം തെറ്റി മറിഞ്ഞ് 30ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറിലേപ്പേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് പൊലീസ് വക്താവ് അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കറാച്ചിയിൽ നിന്ന് അബോട്ടാബാദിലേക്ക് പോകുകയായിരുന്ന, ഹസാര എക്സ്പ്രസിന്റെ 8 ബോഗികളാണ് പാളം തെറ്റിയത്. കറാച്ചിയിൽ നിന്ന് 275 കിലോമീറ്റർ അകലെ വച്ചാണ് ട്രെയിൻ പാളം തെറ്റിയത്.

അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം ഞായറാഴ്ചയാണ് അവസാനിച്ചത്. മറിഞ്ഞ കോച്ചുകളിൽ യാത്രക്കാർ കുടുങ്ങി കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. രക്ഷാപ്രവർത്തകർ ഏറെ പണിപ്പെട്ടാണ് ഈ കോച്ച് ഉയർത്തിയത്. അപകടത്തെ തുടർന്ന് സിന്ധ് പ്രവിശ്യയിലേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ട്രെയിൻ അമിത വേഗത്തിൽ ആയിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുമെന്നും റെയിൽവേ മന്ത്രി സാദ് റഫീഖ് വിശദമാക്കി. ട്രാക്കിൽ വെള്ളം കയറിയ നിലയിലായിരുന്നുവെന്ന പ്രചാരണം റെയിൽവേ നിഷേധിച്ചിട്ടുണ്ട്.

Signature-ad

ഗുരുതരമായി പരിക്കേറ്റവരെ സേനാ ഹെലികോപ്ടറുകളിൽ മികച്ച സൌകര്യങ്ങളുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2021 ൽ സിന്ധ് പ്രവിശ്യയിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 40 ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2013നും 2019നും ഇടയിൽ പാകിസ്ഥാനിലുണ്ടായ വിവിധ ട്രെയിൻ അപകടങ്ങളിൽ 150 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം

നേരത്തെ രാജ്യത്തെ നടുക്കി 293 പേരുടെ ജീവനെടുത്ത ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് ഏഴ് ജീവനക്കാരെ ഇന്ത്യൻ റെയിൽവെ സസ്പെൻഡ് ചെയ്തിരുന്നു. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടി സമയങ്ങളിൽ ജാഗ്രത പാലിക്കാത്തതിന് സ്റ്റേഷൻ മാസ്റ്റർ, ട്രാഫിക് ഇൻസ്‌പെക്ടർ, മെയിന്റനർ എന്നിവരുൾപ്പെടെ 7 പേരെയാണ് സസ്‌പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: