പത്തനംതിട്ട: പ്രസവത്തിനുശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അനുഷയും യുവതിയുടെ ഭര്‍ത്താവ് അരുണും മുന്‍പ് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പോലീസ്. എന്നാല്‍, വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ അതിന് സാധിച്ചില്ല. പിന്നീട് ഇരുവരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടരുകയായിരുന്നു.
രണ്ടുതവണ വിവാഹിതയായ അനുഷ, അരുണിനോടുള്ള തന്റെ സ്നേഹം എത്രത്തോളമുണ്ടെന്ന് കാണിക്കാന്‍ വേണ്ടിയാണ് കൃത്യം നടത്തിയതെന്നാണ് മൊഴി നല്‍കിയത്. എന്നാല്‍, അനുഷയുമായി സുഹൃത് ബന്ധം മാത്രമേയുള്ളൂ എന്നാണ് അരുണ്‍ പറയുന്നത്. അനുഷയുടെ ആദ്യവിവാഹം ട്രാന്‍സ്ജന്‍ഡറുമായിട്ടായിരുന്നു. അനുഷയുടെ രണ്ടാം വിവാഹത്തിന് ഭാര്യ സ്‌നേഹയുമൊത്ത് അരുണ്‍ പങ്കെടുത്തിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ആദ്യവിവാഹം വേര്‍പ്പെട്ടപ്പോള്‍തന്നെ അരുണുമായി ഒരുമിച്ച് ജീവിക്കാന്‍ അനുഷ ആഗ്രഹിച്ചിരുന്നുവെന്നാണ് മൊഴി. ആദ്യവിവാഹ ബന്ധം വേര്‍പ്പെടുത്തിയ അനുഷ, രണ്ട് വര്‍ഷം മുമ്പ് വീടിന് സമീപത്തെ സമപ്രായക്കാരനായ യുവാവിനെ വിവാഹം ചെയ്തു. ഇയാള്‍ ഗള്‍ഫിലായതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം കുടുംബ വീട്ടിലാണ് അനുഷ താമസിക്കുന്നത്. രണ്ടാം ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിയശേഷം അനുഷ വാട്‌സാപ്പ് വഴി അരുണുമായി ഫോണ്‍ വിളിയും ചാറ്റിംഗും പതിവാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയും സംശയിക്കുന്നു. അനുഷയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പരിശോധിക്കും. അരുണിന് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു. ഇയാളുടെ മൊഴിയെടുത്തു.
പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ പ്രസവശേഷം കുഞ്ഞിന്റെ ചികിത്സയ്ക്കായി കഴിഞ്ഞിരുന്ന കായംകുളം കരിയിലക്കുളങ്ങര അയിരുവിളയില്‍ ജി അരുണിന്റെ ഭാര്യ സ്‌നേഹയെയാണ് നഴ്‌സിന്റെ വേഷത്തിലെത്തി കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍വെട്ടത്തില്‍ കിഴക്കേതില്‍ അനുഷ (25) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്‌നേഹ (24) ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.