കോട്ടയം: രണ്ടു മാസത്തിലധികമായുള്ള മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രാര്‍ഥനകളും പ്രതീക്ഷകളും വിഫലമാക്കിയാണ് ആന്‍ മരിയ യാത്രയാകുന്നത്. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കട്ടപ്പനയില്‍നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് ആന്‍ മരിയയെ വേഗത്തില്‍ എത്തിക്കാനായി കേരളം കൈകോര്‍ത്തതും വെറുതെയായി.
രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാര്‍ സ്വദേശി ആന്‍ മരിയ ജോയ് (17) വെള്ളിയാഴ്ച രാത്രി 11.41ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി ആന്‍ മരിയയുടെ നില ഗുരുതരമായിരുന്നു. ന്യുമോണിയയും കരളിന്റെ പ്രവര്‍ത്തനം നിലച്ചതുമാണ് സ്ഥിതി വഷളാക്കിയത്. കൊച്ചി അമൃത ആശുപത്രിയില്‍നിന്നു ജൂലൈയിലാണ് ആന്‍ മരിയയെ കോട്ടയത്തേയ്ക്കു മാറ്റിയത്.
ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ജോയിയുടെയും ഷൈനിയുടെയും മകളായ ആന്‍ മരിയ പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് ശ്രമിക്കുകയായിരുന്നു. അതിനിടെ പിതൃമാതാവ് മോനി മരിക്കുകയും മേയ് 31ന് സംസ്‌കാര ചടങ്ങുകള്‍ നടക്കുകയും ചെയ്തു. ജൂണ്‍ 1ന് രാവിലെ 6.15ന് ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന പള്ളിയില്‍ നടന്ന കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അമ്മ ഷൈനിക്ക് ഒപ്പമാണ് ആന്‍മരിയ എത്തിയത്. കുര്‍ബാന ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുശേഷം ആന്‍ മരിയ ബോധരഹിതയായി വീണു. മുഖത്ത് വെള്ളം തളിക്കുകയും മറ്റും ചെയ്തെങ്കിലും ഫലമുണ്ടായില്ല.
അതിനിടെ, അമ്മ സിപിആര്‍ നല്‍കുകയും ഉടന്‍തന്നെ കാറില്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് കൊണ്ടുവരുകയും ചെയ്തു. ആരോഗ്യനില മോശമായതിനാല്‍ ഉടന്‍തന്നെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചതോടെ എറണാകുളത്തേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. എത്രയും വേഗം എറണാകുളത്ത് എത്തിക്കേണ്ടതിനാല്‍ ഗതാഗതക്കുരുക്ക് തടസ്സമാകുമെന്ന ആശങ്ക ഉണ്ടായി.
പണിക്കന്‍കുടിയില്‍ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി റോഷി അഗസ്റ്റിന്‍ വിവരം അറിഞ്ഞതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസിന്റെ സേവനം ലഭ്യമാക്കി. പോലീസിന്റെ അകമ്പടിയോടെ മൂന്നു മണിക്കൂറിനകം കുട്ടിയെ ആംബുലന്‍സില്‍ അമൃത ആശുപത്രിയില്‍ എത്തിച്ചു. ഡോ.ജഗ്ഗു സ്വാമിയുടെ നേതൃത്വത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി ചികിത്സ ആരംഭിച്ചു.
ജൂലൈയിലാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെയും മികച്ച ചികിത്സയാണ് ആന്‍ മരിയയ്ക്ക് ലഭ്യമാക്കിയത്. ഇടയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകളും കാണിച്ചു. എന്നാല്‍, ന്യുമോണിയ ബാധിച്ചത് ഉള്‍പ്പെടെ തിരിച്ചടിയായി. ഒടുവില്‍ വെള്ളിയാഴ്ച രാത്രി ആന്‍ മരിയ ഈ ലോകത്തോടു വിടപറഞ്ഞു. ആന്‍ മരിയയുടെ മൂത്ത സഹോദരി കാനഡയിലാണ്. സംസ്‌കാരം ഞായറാഴ്ച രണ്ടു മണിക്ക് ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന പള്ളിയില്‍.