ആലപ്പുഴ: കുടുംബമേളയില്‍ പോലീസുകാരന്റെ അഞ്ചുവയസുള്ള മകന്റെ കളി സര്‍വീസ് റിവോള്‍വറെടുത്ത്. ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് എസ്.പി. കായംകുളം ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.
കായംകുളം പോലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്ന അന്‍വറിനെതിരെയാണ് എസ്.പി: ചൈത്ര തെരേസ ജോണ്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കൊല്ലം ക്രൈംബ്രാഞ്ച് യൂണിറ്റില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് ഇപ്പോള്‍ അന്‍വര്‍.
2022 മേയില്‍ കായംകുളം സ്റ്റേഷനില്‍ നടന്ന കുടുംബമേളയിലായിരുന്നു സംഭവം. അന്‍വറിന്റെ മകന് സ്റ്റേഷനിലുണ്ടായിരുന്ന റിവോള്‍വര്‍ കൈക്കലാക്കി കളിക്കുന്ന ദൃശ്യങ്ങള്‍ ഒപ്പമുണ്ടായിരുന്നവര്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഒരു വര്‍ഷ ശേഷം ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഇത് പ്രത്യക്ഷപ്പെട്ടു. പൊലീസുകാരുടേതുള്‍പ്പെടെ സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിലേക്ക് ഷെയറും ചെയ്തു. ഭാഗ്യവശാല്‍ അപകടമുണ്ടായില്ലെങ്കിലും ഇത് ഗുരുതര സുരക്ഷാ വീഴ്ചയായിട്ടാണ് സേന വിലയിരുത്തുന്നത്.
അതേസമയം ഇക്കാര്യത്തെപ്പറ്റി അറിയില്ലെന്നാണ് കായംകുളം പൊലീസ് പറയുന്നത്. കുടുംബമേളയിലെത്തിയ കുട്ടിക്ക് റിവോള്‍വര്‍ പരിചയപ്പെടുത്തിയിരുന്നു. ഇത് ആരോ മൊബൈലില്‍ പകര്‍ത്തിയെന്നാണ് വിശദീകരണം.