CrimeNEWS

മാധ്യമപ്രവർത്തകയെ ഫേസ്ബുക്ക് പോസ്റ്റ് വഴി അപമാനിച്ച കേസിൽ മുൻ മജിസ്ട്രേറ്റ് എസ് സുദീപ് കോടതിയിൽ കീഴടങ്ങി

തിരുവനന്തപുരം: മാധ്യമപ്രവർത്തക സിന്ധു സൂര്യകുമാറിനെ ഫേസ്ബുക്ക് പോസ്റ്റ് വഴി അപമാനിച്ച കേസിൽ മുൻ മജിസ്ട്രേറ്റ് എസ് സുദീപ് കോടതിയിൽ കീഴടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസ് നൽകിയ പരാതിയിൽ സുധീപിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. നാളെ സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കെയാണ് കീഴടങ്ങൽ.

2023 ജൂലൈ മൂന്നിനാണ് എസ് സുദീപ് കേസിന് ആസ്പദമായ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. ഫേസ്ബുക്ക് കുറിപ്പ് വൈറലായതിന് പിന്നാലെ മാധ്യമ പ്രവർത്തകരടക്കം നിരവധി പേർ സിന്ധു സൂര്യകുമാറിന് പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഫേസ്ബുക്ക് കുറിപ്പിനെതിരെ വിമർശനമുയർത്തിയവരെ പോലും അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് സുദീപിൻറെ ഭാഗത്ത് നിന്ന് തുടർന്നും ഉണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസ് നൽകിയ പരാതിയിലാണ് ഐപിസി 354 എ (1), ഐ ടി ആക്ടിലെ 67 വകുപ്പുകൾ പ്രകാരം ജൂലൈ 21-ന് തിരുവനന്തപുരം കൻറോൺമെൻറ് പൊലീസ് കേസെടുത്തത്. പൊലീസ് സൈബർ സെൽ നടത്തിയ പരിശോധനയിൽ കേസിനാസ്പദമായ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത് എസ് സുദീപിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Signature-ad

വിവിധ വിഷയങ്ങളിൽ എസ് സുദീപ് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങൾ നേരത്തെ വിവാദമായിരുന്നു. തുടർന്ന് ഹൈക്കോടതി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് 2021-ൽ സബ് ജഡ്ജി സ്ഥാനത്ത് നിന്ന് എസ് സുദീപിന് രാജി വച്ചൊഴിയേണ്ടി വന്നത്. ആലപ്പുഴ എരമല്ലൂർ സ്വദേശിയായ എസ് സുദീപിനെതിരെ 2019 ഡിസംബറിലാണ് ഹൈക്കോടതി അന്വേഷണം ആരംഭിച്ചത്. 2020 -ൽ അന്വേഷണ റിപ്പോർട്ട് വന്നു. 2021-ൽ സുദീപിന് സബ് ജഡ്ജി സ്ഥാനം രാജി വച്ച് ഒഴിയേണ്ടി വന്നു. സമൂഹമാധ്യമങ്ങളിൽ ന്യായാധിപന്മാർക്ക് യോജിക്കാത്ത രീതിയിലുള്ള അഭിപ്രായ പ്രകടനം നടത്തിയെന്ന് കണ്ടെത്തിയ ഹൈക്കോടതി പിരിച്ചുവിടൽ നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു സുദീപ് രാജി വച്ച് ഒഴിഞ്ഞത്. വിവാദപരമായ കാര്യങ്ങളിൽ പ്രതികരിക്കരുതെന്ന ചട്ടം എസ് സുദീപ് ലംഘിച്ചെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പിരിച്ചുവിടൽ നോട്ടീസ് നൽകിയത്.

Back to top button
error: