ദില്ലി: സംഘപരിവാർ ചെയ്യുന്നത് പോലെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം. എല്ലാ വാതിലുകളും ജനലുകളും തുറന്നിടട്ടെ, എല്ലാ വിചാരധാരകളും കയറി ഇറങ്ങട്ടെയെന്ന് ഇന്നലെ മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി അതിനെ ഗോൾവാൾക്കറുടെ വിചാര ധാരയോടാണ് ഉപമിച്ചത്. എം.വി ഗോവിന്ദന് മഹാത്മാ ഗാന്ധിയെയും ഗോൾവാക്കൾറേയും തിരിച്ചറിയാൻ പറ്റില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും? പാർട്ടി സെക്രട്ടറി ആയി ഇരുന്ന് അദ്ദേഹം സി.പി.എമ്മിനെ ഒരു പരുവത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു,
വർഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള സംഘപരിവാറിൻറെ അതേ അജണ്ട തന്നെയാണ് സി.പി.എമ്മും നടപ്പാക്കുന്നത്. എരിതീയിൽ എണ്ണ ഒഴിക്കണ്ട, വിവാദം ആളിക്കത്തിക്കണ്ട. അത് തീരട്ടെ എന്നാണ് പ്രതിപക്ഷം നിലപാടെടുത്തത്. സർക്കാരിൻറെ ഭരണ പരാജയം മറയ്ക്കാനാണ് സി.പി.എം വിവാദം ആളിക്കത്തിക്കുന്നത്. വിശ്വാസം വിശ്വാസത്തിൻറെ വഴിക്ക് പോകട്ടെ. അതിനെ ശാസ്ത്രവുമായി കൂട്ടിക്കെട്ടുന്നത് ഉചിതമല്ല. ഇതൊരു സങ്കീർണ്ണമായ സമൂഹമാണ്. തക്കം പാർത്ത് ആളുകൾ ഇരിക്കുകയാണ്. എരിതീയിൽ എണ്ണി ഒഴിച്ച് ആളികത്തിക്കുന്നവർക്കൊപ്പം സി.പി.എം എന്തിനാണ് നിൽക്കുന്നത്.
സംഘപരിവാറും സി.പി.എമ്മും ഒരേ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. വീണ്ടും വാശി പിടിച്ച് പോകേണ്ട കാര്യം സി.പി.എമ്മിനില്ല. തീപ്പൊരി വീണാൽ ആളികത്തുന്ന കാലമാണെന്ന് എല്ലാവരും മനസിലാക്കണം. ഇത്തരം വിഷയങ്ങളുടെ മറവിൽ ഭരണപരാജയം മറച്ചു വയ്ക്കാനാണ് സി.പി.എം ശ്രമം. മറ്റൊരു ചർച്ചയിലേക്ക് പോകാൻ അവർ ആഗഹിക്കുന്നില്ല. അങ്ങനെ വന്നാൽ സർക്കാർ പ്രതികൂട്ടിൽ നിൽക്കുന്ന അവസ്ഥ വരുമെന്നും വിഡി സതീശൻ പറഞ്ഞു.