മലപ്പുറം: രാസലഹരിയുമായി പിടികൂടിയ താമിർ ജിഫ്രി താനൂർ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എസ്ഐ ഉൾപ്പെടെ എട്ടുപൊലീസുകാർക്ക് സസ്‌പെൻഷൻ. അന്വേഷണത്തിനു മുന്നോടിയായി കുറ്റാരോപിതരെ മാറ്റി നിർത്തുന്നതിന്റെ ഭാഗമായാണു നടപടി. എസ്ഐ കൃഷ്ണലാൽ, പൊലീസുകാരായ കെ.മനോജ്, ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് തൃശൂർ ഡി.ഐ.ജി സസ്പെൻഡ് ചെയ്തത്.
രാസലഹരിയുമായി പിടികൂടിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ഇയാൾക്കു മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തിരുരങ്ങാടി മമ്പുറം മൂഴിക്കൽ പുതിയ മാളിയേക്കൽ താമിർ ജിഫ്രി (30) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചതവുകള്‍ അടക്കം 13 പാടുകൾ കണ്ടെത്തിയിരുന്നു. മുതുക് ഭാഗത്ത് ചതഞ്ഞ രൂപത്തിൽ 5 പാടുകളും കാലിന് പിൻഭാഗത്തായി ചെറുതായി ചതഞ്ഞ 3 പാടുകളും ഇടത് കാലിന്റെ അടിഭാഗത്ത് അടിയേറ്റു ചതഞ്ഞ പാടുകളുമുണ്ട്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉരഞ്ഞപാടുകളുമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം നാലര മണിക്കൂറാണ് നീണ്ടു നിന്നത്.
മുറിവുകളിൽ പലതിനും പഴക്കമുണ്ട് എന്നാണ് നിഗമനം. ഇയാളുടെ വയറ്റിൽ നിന്ന് രണ്ട് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയിട്ടുണ്ട്. ലഹരി മരുന്ന് വിഴുങ്ങിയത് ആകാനാണ് സാധ്യത. ഇത് വിശദമായ രാസ പരിശോധന നടത്തും. മരണ കാരണവും ഇതുവരെ കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ പുലർച്ചെ നാലരയോടെയാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ഷർട്ടും അടിവസ്ത്രവും മാത്രമാണ് ആശുപത്രിയിൽ എത്തിയ്ക്കുമ്പോൾ ധരിച്ചിരുന്നത്. മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് ബന്ധുക്കളുടെ ആരോപണം.
അസ്വാഭാവിക മരണത്തിന് എടുത്ത കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.സി.ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. ലഹരിക്കേസ് നർകോട്ടിക് സെൽ ഡിവൈഎസ്പിയും പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായോയെന്ന് ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കും.