KeralaNEWS

രക്തസാക്ഷിഫണ്ട് തട്ടിപ്പില്‍ നടപടിയെടുത്ത് സിപിഎം, ഏരിയാകമ്മിറ്റി അംഗത്തിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: രക്തസാക്ഷിഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഏരിയാകമ്മിറ്റി അംഗത്തിനെതിരേ നടപടിയെടുത്ത് സി.പി.എം. വഞ്ചിയൂര്‍ ഏരിയാകമ്മിറ്റിയംഗം സി. രവീന്ദ്രന്‍നായരെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ആരോപണവിധേയനായ രവീന്ദ്രന്‍നായര്‍ കുറ്റംചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍. നേരത്തെ ഇയാള്‍ക്കെതിരെ അന്വേഷണം നടത്താന്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു.

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന വഞ്ചിയൂര്‍ സ്വദേശി വിഷ്ണുവിന്റെ രക്തസാക്ഷിഫണ്ടിലെ തുക തട്ടിയെടുത്തതായാണ് ആരോപണം. ജില്ലാ സെക്രട്ടറി വി. ജോയിക്കായിരുന്നു അന്വേഷണച്ചുമതല. 2008-ല്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബത്തിനുവേണ്ടിയും കേസ് നടത്തുന്നതിനുമായി പാര്‍ട്ടി പിരിച്ച തുകയിലെ അഞ്ചുലക്ഷം രൂപ തിരിമറിനടത്തിയെന്നാണ് ആരോപണം. ആ സമയത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന രവീന്ദ്രന്‍നായരുടെ അക്കൗണ്ടിലൂടെയായിരുന്നു ധനസമാഹരണം.

Signature-ad

സമാഹരിച്ച 11 ലക്ഷത്തോളം രൂപ വിഷ്ണുവിന്റെ കുടുംബത്തിന് നല്‍കി. ശേഷിച്ച തുക കേസ് നടത്തിപ്പിനായി മാറ്റിവെച്ചിരുന്നു. ഇതില്‍നിന്ന് അഞ്ചുലക്ഷം രൂപ രവീന്ദ്രന്‍നായരുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം. വിഷ്ണുവിന്റെ കുടുംബം പരാതിയുമായി പാര്‍ട്ടിയെ സമീപിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ സമരക്കേസുമായി ബന്ധപ്പെട്ട് സ്വരൂപിച്ച പണം തട്ടിച്ചുവെന്ന് ആരോപണം മറ്റൊരു ജില്ലാകമ്മിറ്റി അംഗത്തിനെതിരേയും നിലനില്‍ക്കുന്നുണ്ട്.

Back to top button
error: