ഇടുക്കി: കൊന്നു കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്‌സയുടെ മൊഴിയില്‍ പോലീസ് അന്വേഷിച്ച നൗഷാദ് ജീവനോടെ തൊടുപുഴയില്‍! തൊമ്മന്‍കുത്ത് ഭാഗത്തുനിന്നു കണ്ടെത്തിയ നൗഷാദ് പോലീസ് സ്റ്റേഷനില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭയന്നിട്ടാണ് താന്‍ നാട്ടുവിട്ടത് എന്നു പറഞ്ഞു. ”ഭാര്യ വിളിച്ചുകൊണ്ടു വന്ന ആളുകള്‍ മര്‍ദിച്ചു. ഭാര്യയുമായി വഴക്കുണ്ടായിരുന്നു. പേടിച്ചാണ് നാടുവിട്ടത്. ഇനി തിരികെ പോകാനും പേടിയാണ്” -ഇതായിരുന്നു നൗഷാദിന്റെ വാക്കുകള്‍.
ഇനി ഭാര്യയുടെ അടുത്തേക്കു തിരികെ പോകാന്‍ താല്‍പര്യമില്ലെന്നും ഇയാള്‍ വ്യക്തമാക്കി. ”തൊമ്മന്‍കുത്തില്‍ പറമ്പില്‍ പണിയെടുക്കുകയാണ്. ഇവിടെ വന്നതിനുശേഷം ആരുമായും ബന്ധപ്പെട്ടിട്ടില്ല, ഫോണുമില്ല. ഭാര്യ എന്തുകൊണ്ടാണു കൊന്നു കുഴിച്ചുമൂടി എന്നൊരു മൊഴി നല്‍കിയതെന്ന് അറിയില്ല” -നൗഷാദ് പറഞ്ഞു. ഭാര്യയ്ക്ക് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിനു ”കാണുമായിരിക്കും, എനിക്ക് തോന്നിയിട്ടുണ്ട്” എന്ന മറുപടിയാണ് നൗഷാദ് നല്‍കിയത്. ഇന്നലെയാണ് പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞതെന്നും നൗഷാദ് പറഞ്ഞു.
ഭാര്യയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് തൊടുപുഴയിലെ തൊമ്മന്‍കുത്തിലെത്തി അവിടെ ഒന്നര വര്‍ഷമായി താമസിച്ചു വരികയായിരുന്നു. ഇന്നലെ മുതല്‍ നൗഷാദിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെ ഇയാള്‍ താമസിച്ചുരുന്ന വീടിനു സമീപത്തുള്ളയാള്‍ ജയ്‌മോന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന ജയ്‌മോന്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് നൗഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. നൗഷാദിനെ കണ്ടെത്തിയതോടെ ഒന്നര വര്‍ഷമായി നടത്തുന്ന തിരച്ചിലിനും ഇന്നലെമുതല്‍ നടക്കുന്ന മൊഴി മാറ്റിപ്പറയല്‍ നാടകങ്ങള്‍ക്കുമാണ് അവസാനമാകുന്നത്.