IndiaNEWS

മണിപ്പൂരിലേത് ആസൂത്രിത കലാപം; ഭരണകൂടത്തിന്റെ മൗനവും നിസ്സംഗതയും അത്ഭുതപ്പെടുത്തുന്നത്

ന്യൂഡൽഹി:രണ്ടര മാസത്തിലേറെയായി മണിപ്പൂരില്‍  ക്രൂരമായ വംശഹത്യയും പൈശാചികമായ പീഡനങ്ങളും അരങ്ങേറുമ്പോൾ ഭരണകൂടത്തിന്റെ മൗനവും നിസ്സംഗതയും അത്ഭുതപ്പെടുത്തുന്നതാണ്.

മേയ് മാസം ആദ്യത്തില്‍ ആരംഭിച്ച ആസൂത്രിത കലാപങ്ങളോട് ക്രൂരമായ മൗനവും നിസ്സംഗതയും പുലര്‍ത്തിയ പ്രധാനമന്ത്രി മേയ് നാലിന് നടന്ന കൊടിയ സ്ത്രീപീഡനങ്ങളുടെ ചിത്രം  ലോകത്തിനുമുന്നില്‍ അനാവൃതമായപ്പോള്‍ മാത്രമാണ് പാര്‍ലമെന്റിനുപുറത്ത് ചില വാചോടാപങ്ങള്‍ നടത്തിയത്.

രാജസ്ഥാനിലോ ഛത്തിസ്ഗഢിലോ മണിപ്പൂരിലോ രാജ്യത്തിന്റെ ഏത് പ്രദേശത്തായാലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കുകയില്ല എന്നതായിരുന്നു മോദിയുടെ വാക്കുകള്‍. പ്രതിപക്ഷ ഭരണമുള്ള രണ്ട് സംസ്ഥാനങ്ങളുടെ പേര് മുമ്ബേപറഞ്ഞ് മണിപ്പൂരിനെ വെള്ളപൂശാനുള്ള ദുഷ്ടലാക്ക് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

ആയിരത്തിലേറെ വരുന്ന സായുധ കലാപകാരികളുടെ ആക്രമണത്തില്‍നിന്ന് ജീവനുംകൊണ്ട് വനത്തിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഞ്ചുപേരടങ്ങുന്ന ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച ശേഷം നഗ്നരാക്കി തെരുവില്‍ നടത്തിച്ച സംഭവം എന്തുകൊണ്ട് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടില്ല എന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ടെലിഫോണ്‍ അഭിമുഖത്തിലെ ചോദ്യത്തിന്, സമാനമായ നൂറുകണക്കിന് കേസുകള്‍ ഇവിടെ നടന്നിട്ടുണ്ട് എന്ന മുഖ്യമന്ത്രി ബിരേൻസിങ് നല്‍കിയ മറുപടി കേട്ടപ്പോഴാണ് മഞ്ഞുമലയുടെ അഗ്രം മാത്രമാണ് പുറത്തുവന്നതെന്ന്  സംശയം ഉയരുന്നത്.

സമീപഭാവിയില്‍ ഇന്ത്യൻ തെരുവുകളില്‍ കലാപങ്ങളുണ്ടായാല്‍ എന്തായിരിക്കും ഭരണകൂട സമീപനം എന്നതിന്റെ സൂചന കൂടിയാണ് മണിപ്പൂർ.അക്രമത്തിന് നേതൃത്വം നല്‍കുന്നവരോട് ചേര്‍ന്നുനിന്ന് രക്ഷപ്പെടാം എന്ന് കരുതുന്ന വ്യക്തികളും സമൂഹങ്ങളും  രാജ്യത്തിന് സംഭവിക്കുന്ന മുറിവുകളെപ്പറ്റി ഒരിക്കലും ചിന്തിക്കാറുമില്ല.രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത് ഇതുതന്നെയാണ്.

Back to top button
error: