തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ്. സ്ഥാനാർത്ഥിയെ കോൺഗ്രസ് പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നും അതിന് കോൺഗ്രസിനെ അനുവദിക്കണമെന്നും വി ഡി സതീശന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് രൂക്ഷമായ ധന പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. സർക്കാർ എല്ലാം മറച്ച് വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നികുതി വെട്ടിപ്പ് തടയാൻ പോലും സംവിധാനം ഇല്ലെന്ന് വിമര്‍ശിച്ച സതീശന്, ആയിരക്കണക്കിന് കോടിയുടെ നികുതി വെട്ടിപ്പാണ് നടക്കുന്നതെന്നും ആരോപിച്ചു. ഓണക്കാലത്ത് സപ്ലൈക്കോ ഇടപെടലുണ്ടാകുമോ എന്ന് പോലും സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഓണക്കാലത്ത് തീപിടിച്ച വിലയായിരിക്കുമെന്നും വി ഡി സതീശന് അഭിപ്രായപ്പെട്ടു. വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ യുഡിഎഫ് ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.