മലപ്പുറം: പൂക്കോട്ടൂര്‍ കുഴല്‍പ്പണക്കവര്‍ച്ച കേസില്‍ ക്വട്ടേഷന്‍ സംഘം നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പോലീസിന്റെ പിടിയില്‍. ജൂണ്‍ 23ന് പൂക്കൂട്ടോര്‍ അങ്ങാടിയില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തുവന്ന കുഴല്‍പ്പണ വിതരണക്കാരനായ മൊറയൂര്‍ സ്വദേശിയെ കാറുകൊണ്ട് വാഹനം ഇടിപ്പിച്ചു തള്ളിയിട്ട് വടിവാള്‍ വീശിയും കുരുമുളക് സ്പ്രേമുഖത്തേക്ക് അടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പത്തുലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന കേസിലെ പ്രതികളാണ് അറസ്റ്റിലായത്.
സ്നാച്ചിങ്, കുഴല്‍പ്പണക്കവര്‍ച്ച, വധശ്രമം തുടങ്ങിയ ഇരുപതോളം കേസുകളില്‍ പ്രതിയായ തൃശ്ശൂര്‍ കൊടകര സ്വദേശി പന്തപ്ലാവില്‍ ബിനു എന്ന ജാക്കി ബിനു (41), തൃശൂര്‍ പുത്തന്‍ചിറ സ്വദേശി ഓലക്കോട്ട് അബ്ദുല്‍ ശരീഫ് എന്ന പിണ്ടാണി ഷെരീഫ്(46), ലഹരി കടത്ത്, കളവ്, കവര്‍ച്ച തുടങ്ങി നിരവധി കേസില്‍ പ്രതിയായ പാലക്കാട് ചെറുപ്പുളശ്ശേരി പട്ടിശേരി സ്വദേശി മുഹമ്മദ് മുനീര്‍ (23) എന്നിവരെ മഞ്ചേരി പോലീസും ഈ കേസിലെ മുഖ്യപ്രതിയും സ്വര്‍ണ്ണ കവര്‍ച്ച, കുഴല്‍പ്പണ കവര്‍ച്ച, ലഹരിക്കടത്ത് തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയും ക്വട്ടേഷന്‍ സംഘ നേതാവുമായ ചെറുപ്പുളശ്ശേരി മാരായമംഗലം സ്വദേശി ഫൈസല്‍ എന്ന ചരല്‍ ഫൈസലിനെ ചെറുപ്പുളശ്ശേരി പോലീസുമാണ് അറസ്റ്റ് ചെയ്തത്.
നേരത്തെ ഈ കേസില്‍ പത്തനംതിട്ട അടൂര്‍ സ്വദേശികളായ പരുത്തിപ്പാറ, വയല സ്വദേശി കല്ലുവിളയില്‍ വീട്ടില്‍ സുജിത്ത് (20) വടെക്കെടത്തുകാവ്, നിരന്നകായലില്‍ വീട്ടില്‍ രൂപന്‍ രാജ് (23) വടക്കെടത്തുകാവ്, മുല്ലവേലി പടിഞ്ഞാറ്റേതില്‍ വീട്ടില്‍ സൂരജ് (23) അടൂര്‍, പന്നിവിഴ വൈശാഖം വീട്ടില്‍ സലിന്‍ ഷാജി (22) എന്നിവരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കവര്‍ച്ച നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ലഹരിയും വിലയേറിയ വാഹനങ്ങള്‍ ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്ന പ്രതികള്‍ പോലീസിനെ വെല്ലുവിളിച്ച് ചെറു വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും യുവാക്കളെ ആഡംബര ജീവിതം നയിക്കുന്നതിനായി ആകര്‍ഷിപ്പിച്ച് വിദ്യാര്‍ഥികളടക്കമുള്ള യുവാക്കളെയടക്കം ഇത്തരം കവര്‍ച്ചയ്ക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. കവര്‍ച്ച നടത്തി ലഭിക്കുന്ന പണത്തിന്റെ ഭൂരിഭാഗം ഇവര്‍ പങ്കിട്ടെടുക്കുകയും തുച്ഛമായ തുക നല്‍കി യുവാക്കളെ പറഞ്ഞു വിടുകയുമാണ് ഇവരുടെ രീതി.