ഇടുക്കി: കുടിയേറ്റത്തോളം പഴക്കമുള്ള റോഡ് സ്വപ്നം സാക്ഷാത്കാരമാകുന്നു. ഉടുമ്പന്നൂര്‍ – കൈതപ്പാറ – മണിയാറന്‍കുടി റോഡ് നിര്‍മാണത്തിന് തുടക്കമാകുന്നു. റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ മാസത്തോടെ നിര്‍മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഏറെക്കാലമായി വനംവകുപ്പ് ഇടുക്കി ഉടുമ്പന്നൂര്‍ റോഡിന് തടസ്സമായിരുന്നു എങ്കിലും മറയൂരില്‍ റവന്യൂ ഭൂമി വനംവകുപ്പിന് കൈമാറിയാണ് തടസ്സങ്ങള്‍ അതിജീവിച്ചത്.
കുടിയേറ്റ കാലം മുതല്‍ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നതും ജില്ലാ ആസ്ഥാന വികസനത്തിനും, തൊടുപുഴ ചെറുതോണി പട്ടണങ്ങളെ കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുവാന്‍ കഴിയുന്നതുമായ ഉടുമ്പന്നൂര്‍ – കൈതപ്പാറ – മണിയാറന്‍കുടി – റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ആണ് ആരംഭിച്ചത്. പിഎംജിഎസൈ്വ പദ്ധതി പ്രകാരമാണ് നടപടികള്‍. ഇത് സംബന്ധിച്ച് കെഎസ്ആര്‍ആര്‍ഡിഎ ചീഫ് എഞ്ചിനീയര്‍ ജൂലൈ 20ന് ഉത്തരവ് പുറപ്പെടുവിച്ചു.
ടെന്‍ഡര്‍ നടപടികള്‍ ആഗസ്ത് മാസത്തില്‍ പൂര്‍ത്തിയാക്കി സെപ്തംബര്‍ പകുതിയോടെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ജില്ലയിലെ സുപ്രധാന പ്രദേശങ്ങളെ കൂട്ടിയിണക്കുന്ന ഗ്രാമീണ റോഡുകള്‍ വികസന രംഗത്ത് വലിയ മുന്നേറ്റത്തിന് കാരണമായിത്തീരും. അഞ്ചുവര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ക്കുള്‍പ്പെടെ ഈ റോഡുകള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്.
ജനങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കാന്‍ ആവുന്നതില്‍ സന്തോഷം ഉണ്ടന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. വര്‍ഷങ്ങളായി ഇടുക്കി ഉടുമ്പന്നൂര്‍ റോഡിനു വേണ്ടി വിവിധ രീതികളില്‍ നടപടികള്‍ ആരംഭിച്ചു എങ്കിലും വനം വകുപ്പ് തടസ വാദങ്ങള്‍ ഉന്നയിച്ച് റോഡിന്റെ നിര്‍മ്മാണം തടയുകയായിരുന്നു. ഒടുവില്‍ മറയൂരില്‍ വനംവകുപ്പിന് പ്രത്യേക ഭൂമി വിട്ടു നല്‍കിയാണ് ജനങ്ങളുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കാന്‍ സാധിച്ചത് എന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.