KeralaNEWS

വടക്കൻ ജില്ലകളിൽ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങൾ

വടകര:ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കനത്ത നാശനഷ്ടങ്ങൾ. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ആഞ്ഞുവീശിയ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകുകയും വീടുകള്‍ തകരുകയും ചെയ്തു. വൈദ്യുതി ബന്ധവും താറുമാറായിട്ടുണ്ട്.

മലയോരമേഖലയിലടക്കം കാറ്റ് നാശംവിതച്ചു. വടകരയിലും പരിസരപ്രദേശങ്ങളിലും വ്യാപക നഷ്ടമുണ്ടായി. പുത്തൂര്‍ ട്രെയിനിങ് സ്കൂളിന് സമീപം 11 കെ.വി ലൈനിനു മുകളില്‍ തെങ്ങ് വീണ് രണ്ട് വൈദ്യുതി തൂണുകള്‍ മുറിഞ്ഞുവീണു. താഴെ അങ്ങാടി കൊയിലാണ്ടിവളപ്പിലെ പാറമ്മല്‍ സൈനബയുടെ വീടിന്റെ അടുക്കളഭാഗത്ത് തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. സംഭവസമയം അടുക്കളയില്‍ ജോലി ചെയ്തിരുന്ന സ്ത്രീകള്‍ പുറത്തേക്കിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ലോകനാര്‍കാവ് ക്ഷേത്രത്തിനു സമീപം പൂമഠത്തില്‍ സുബ്രമണ്യന്റെ വീട്ടിനു മുകളില്‍ തെങ്ങ് വീണ് മുൻഭാഗം തകര്‍ന്നു.ചോറോട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ മഹാഗണപതി ക്ഷേത്രത്തിന് പിൻവശം പുത്തൻപുരയില്‍ രാധാകൃഷ്ണന്റെ വീടിന് മുകളില്‍ തേക്ക് മരം വീണ് ഭാഗികമായി തകര്‍ന്നു.കരുവഞ്ചേരി 17ാം വാര്‍ഡിലെ കിളച്ചപറമ്ബത്ത് നാരായണന്റെ വീടിന്റെ മുകളില്‍ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞുവീണു.

Signature-ad

ലോകനാര്‍കാവ് കുട്ടോത്ത് റോഡില്‍ തെങ്ങ് വൈദ്യുതി ലൈനിനു മുകളില്‍ വീണ് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ചല്ലിവയല്‍ -കാവില്‍ റോഡില്‍ ഇരുമ്ബ് പണി ചെയ്യുന്ന ഷെഡിനു മുകളില്‍ തെങ്ങ് വീണ് ഷെഡ് പൂര്‍ണമായും തകര്‍ന്നു. കല്ലാച്ചി തെരുവംപറമ്ബ് റോഡില്‍ പൂലോറോത്ത് പള്ളിക്ക് സമീപത്ത് കാറ്റില്‍ വൈദ്യുതിത്തൂണ്‍ റോഡിലേക്ക് പൊട്ടിവീണ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിജീവനക്കാരും ജനകീയ ദുരന്തനിവാരണ പ്രവര്‍ത്തകരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തടസ്സങ്ങള്‍ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടനിലയിലാണ്. പാറക്കടവ്- പേരോട് റോഡില്‍ മരമില്ലിന് സമീപം കൂറ്റൻ ആല്‍മരം വൈദ്യുതി ലൈനിനു മുകളില്‍ വീണു. മരം മുറിച്ചുമാറ്റാത്തതിനാല്‍ വൈദ്യുതിവിതരണം പൂര്‍ണമായും തടസ്സപ്പെട്ടനിലയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ വിവിധ ജില്ലകളില്‍ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Back to top button
error: