രണ്ട് പകലും ഒരു രാവും നീണ്ട വിലാപയാത്ര. ജീവിതകാലമാകെ ജനക്കൂട്ടത്താല്‍ വലയം ചെയ്യപ്പെട്ട ഉമ്മൻചാണ്ടി മരണത്തിലും വിസ്മയം തീര്‍ത്താണ് മറഞ്ഞത്.
ഇല്ല, ഇനിയൊന്നിങ്ങനെ ഉണ്ടാകില്ല. എത്രമഹാരഥന്മാര് കടന്നുപോയിരിക്കുന്നു. അന്നൊക്കെയും കേരളം കരഞ്ഞു. തളര്‍ന്നു.. അതൊന്നുമല്ല പക്ഷേകേരളം ഇക്കഴിഞ്ഞ മൂന്ന് നാളില്‍ കണ്ടത്. ഉമ്മൻചാണ്ടി ഉറങ്ങിയ മൂന്ന് രാപ്പകലുകള്‍. കേരളം ഉറങ്ങാതെ കണ്ണീര് വാര്‍ത്ത മൂന്ന് രാപ്പകലുകള്‍.
എന്നും ജനങ്ങള്‍ക്ക് നടുവിലായിരുന്നു ഉമ്മൻചാണ്ടി. ജനകീയൻ എന്ന വാക്കിന്റെ അര്‍ഥം തന്നെ ഉമ്മൻചാണ്ടി എന്ന പേരിനോട് കോര്ത്തിടപ്പെട്ടിരിക്കുന്നു. അത് കേരളം കണ്ടറിയുകയായിരുന്നു, നൊന്തറിയുകയായിരുന്നു. നിശ്ചലനായ ഉമ്മൻചാണ്ടിയുമായി ആ വാഹനം കടന്നുപോകുന്നത് നെഞ്ചുലയുന്ന വേദനയോടെ കണ്ടുനിന്നവര്‍ക്ക് പറയാൻ കഥകളേറെയുണ്ടായിരുന്നു,അനു
തിരുവനന്തപുരത്തുനിന്ന് തിരുനക്കര മൈതാനത്തേക്ക് നൂറ്റിനാല്‍പ്പത്തിയഞ്ച് കിലോമീറ്ററാണ് ദൂരം.. പലസ്റ്റോപ്പുകളില് നിര്‍ത്തുന്ന കെഎസ്ആര്‍ടിസി ബസ് പോലും നാല് മണിക്കൂറില്‍ താഴെ ഓടിയെത്തുന്ന ദൂരം. ആ ദൂരം പലതവണ അതിവേഗത്തില്‍ ഓടിയെത്തിയിട്ടുള്ള ഉമ്മൻചാണ്ടിക്ക് അവസാന യാത്രയില്‍ അതിനായില്ല.. പേമാരി കണക്കെ, പ്രളയജലം കണക്കെ ഒഴുകിയെത്തിയ ജനസാഗരം അതിനനുവദിച്ചില്ല.
തിരുവനന്തപുരം ജില്ല പിന്നിടാൻ തന്നെ വേണ്ടിവന്നു ഏഴരമണിക്കൂര്‍..കൊല്ലം ജില്ല കടക്കാൻ അഞ്ചര മണിക്കൂര്‍. പത്തനംതിട്ടയില്‍ അര്‍ധരാത്രിയിലും ജനം കണ്ണടക്കാതെ നനവൂറിയ കണ്ണീരുമായി കാത്തുനിന്നു.ഇടക്കിടെ ചെറുചാറ്റലായി പ്രകൃതിയും കരഞ്ഞു. എന്നും ജനക്കൂട്ടത്തിന് നടുവിലായിരുന്ന ഉമ്മൻചാണ്ടി നിശ്ചലനായി അവര്‍ക്ക് നടുവില്‍ കിടന്നു
ബുധനാഴ്ച രാവിലെ ഏഴിന് തലസ്ഥാനത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര ഒരു പകലും ഒരു രാത്രിയും പിന്നിട്ട് ഒടുവില്‍ തിരുനക്കര എത്തുമ്ബോള്‍ പിറ്റേന്ന് അതേനേരമായി. അവിടെയും ജനസാഗരം.. പിന്നെ ജന്മനാടായ പുതുപ്പള്ളിയിലേക്ക്. എത്രതിരക്കിലും എല്ലാ ആഴ്ചകളിലും എത്തിയിരുന്ന തറവാട്ട് മുറ്റത്തേക്ക്..
ഒടുവില്‍ പുതുപ്പള്ളി വലിയ പള്ളിയുടെ തിരുമുറ്റത്തെ ഖബറിടത്തിലേക്ക് നിത്യനിദ്രക്കായി പ്രിയ കുഞ്ഞൂഞ്ഞ് മടങ്ങി. ചരിത്രമെഴുതിയ ഒരു ജീവിതയാത്രക്ക് ചരിത്രം കുറിച്ചൊരു യാത്രയിലൂടെ അവസാനം.. ഉറങ്ങാൻ മറന്ന ഒരു ജീവിതത്തിന് ഇനി നിത്യനിദ്ര…