കേരളത്തിൽ കാലവർഷം കനത്തതോടെ റോഡുകളിലും അടിപ്പാതകളിലും മറ്റും വെള്ളം നിറഞ്ഞിരിക്കുകയാണ്. കനത്ത മഴയിൽ വെള്ളപ്പൊക്കത്തിലോ അതിന് സമാനമായ സാഹചര്യത്തിലോ സ്വന്തം കാർ കുടുങ്ങിയാൽ വാഹനം സുരക്ഷിതമായിരിക്കാൻ ചില കാര്യങ്ങൾ മനസിൽ എപ്പോഴും ഓർത്തു വായ്ക്കുക. അറ്റകുറ്റപ്പണികൾക്കുള്ള വൻ തുക ഇതുവഴി ലാഭിക്കാനാവും.
കാർ സ്റ്റാർട്ട് ചെയ്യരുത്
ഇത്തരം സന്ദർഭങ്ങളിൽ ഒരിക്കലും കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. സ്റ്റാർട്ട് ചെയ്താൽ എൻജിനിൽ വെള്ളം കയറും. ഇതുവഴി കാറിന് സാരമായ തകരാറുകൾ സംഭവിക്കും. കൂടാതെ, അത് ശരിയാക്കാൻ ഏറെ സമയവും പണവും ചിലവഴിക്കേണ്ടി വരും. ജലനിരപ്പ് ചക്രത്തിന് മുകളിൽ എത്തുമ്പോൾ പ്രത്യേകിച്ചും വാഹനം സ്റ്റാർട്ട് ചെയ്യാനേ പാടില്ല, ഉടൻ തന്നെ നിങ്ങളുടെ കാറിൽ നിന്ന് ഇറങ്ങുക. വാഹനം സുരക്ഷിതമായ സ്ഥലത്തേക്ക് തള്ളിമാറ്റുക വാഹനം വെള്ളത്തിൽ നിന്ന് പുറത്തെത്തുമ്പോൾ മുൻവശത്തെ ഗ്രില്ലിൽ വെള്ളം വീഴാതിരിക്കാൻ ശ്രദ്ധിക്കണം.
ബാറ്ററി കണക്ഷൻ വിച്ഛേദിക്കുക
കാർ വെള്ളത്തിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ ആദ്യം ബാറ്ററി കണക്ഷനുകൾ വിച്ഛേദിക്കുക. ഇത് ചെയ്യുന്നതിലൂടെ, കാറിന്റെ ഇലക്ട്രിക്കൽ വയറുകളും ഭാഗങ്ങളും സംരക്ഷിക്കപ്പെടും. ഇതോടൊപ്പം ഷോർട്ട് സർക്യൂട്ട് പോലുള്ള അപകടങ്ങളിൽ നിന്നും കാർ സുരക്ഷിതമായിരിക്കുകയും ചെയ്യും.
എൻജിൻ ഓയിലും കൂളന്റും
കാർ വെള്ളത്തിന് നടുവിൽ കുടുങ്ങുമ്പോഴെല്ലാം എൻജിൻ ഓയിലിലും കൂളന്റിലും വെള്ളം കലരാനുള്ള സാധ്യത ആദ്യം കൂടും. ചെളിയും അഴുക്കും കാരണം ഓയിലും കൂളന്റും കേടാകും. ഈ സാഹചര്യത്തിൽ, അവയുടെ ഉപയോഗം എൻജിനു തകരാറുകൾ വരുത്തുന്നു. അതുകൊണ്ട് ഇത്തരം സാഹചര്യത്തിൽ എൻജിൻ ഓയിലും കൂളന്റും മാറ്റിയ ശേഷം മാത്രം കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുക.
എസി ഓൺ ചെയ്യരുത്
വാഹനം വെള്ളത്തിൽ കുടുങ്ങിയാൽ എ.സി ഓൺ ചെയ്യരുത്. വിൻഡോ ഗ്ലാസ് നാലിലൊന്ന് വരെ തുറക്കുക. എ.സി ഓണാക്കി വാഹനമോടിക്കുന്നത് എൻജിനിലേക്ക് വേഗത്തിൽ വെള്ളം കയറാൻ ഇടയാക്കും, ഇത് വാഹനം സ്തംഭിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
മലിനമായ വെള്ളം കഴുകിക്കളയുക
വെള്ളക്കെട്ടിൽ കുടുങ്ങിയാൽ കാറിനുള്ളിലും വെള്ളം നിറയും. വെള്ളത്തിനൊപ്പം ചെളിയും മണ്ണും കാറിനുള്ളിൽ കയറുന്നു. ഇത് നീക്കം ചെയ്യാൻ, കാർ നന്നായി വൃത്തിയാക്കിയ ശേഷം വെയിലത്ത് കുറച്ച് നേരം നിരത്തിയിടുക. ഇത് നിങ്ങളുടെ കാർ വൃത്തിയാക്കുകയും കാറിൽ ഉണ്ടാകുന്ന ദുർഗന്ധം അകറ്റുകയും ചെയ്യും.