കണ്ണൂര്‍: തലശേരിയില്‍ കടകളില്‍ കയറിയ കള്ളന് അടിച്ചുകൊണ്ടുപോയത് 12 ബംപര്‍ ടിക്കറ്റുകള്‍. ജൂലൈ 24ന് നറുക്കെടുക്കുന്ന 250 രൂപയുടെ മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റാണ് പണവും മൊബൈല്‍ ഫോണും കവരുന്നതിനിടെ അടിച്ചുകൊണ്ടുപോയത്. മോഷണം നടത്തുമ്പോള്‍ ലോട്ടറി സ്റ്റാളില്‍ കയറിയെങ്കിലും ഇവിടെ മേശവലിപ്പില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. ഈ പ്രകോപനത്തിലാണ് 250 രൂപ ഒന്നിന് വിലയുള്ള മണ്‍സൂണ്‍ ബംപര്തന്നെ ഒന്നാകെ അടിച്ചുകൊണ്ടുപോയത്. 3500 രൂപ വില വരുന്ന ടിക്കറ്റാണ് കൊണ്ടുപോയതെന്ന് ലോട്ടറി വ്യാപാരി പറഞ്ഞു.
തലശേരിയിലെ അഞ്ചു കടകളിലാണ് ഒരേ രീതിയില്‍ മോഷണം നടന്നത്. 40,000 ത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. പണത്തിന് പുറമെ മൊബൈല്‍ ഫോണുകളും ബംപര്‍ ലോട്ടറി ടിക്കറ്റുകളുമാണ് നഷ്ടമായത്. തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്നു റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിയോരത്തെ കടകളിലാണ് മോഷണം നടന്നത്. അഞ്ചു കടകളിലും ഒരേ രീതിയിലാണ് മോഷണം നടന്നത്.
പച്ചക്കറി മാര്‍ക്കറ്റിന്റെ സമീപത്തുള്ള പിപിഎല്‍ സ്റ്റോര്‍, തൊട്ടടുത്തുള്ള പച്ചക്കറിക്കട, പച്ചക്കറികള്‍ സൂക്ഷിക്കുന്ന മുറി, ടിസി മുക്കിലെ വണ്‍ ഫോര്‍ വണ്‍ മൊബൈല്‍ക്കട, സമീപത്തെ ലോട്ടറി കം സ്റ്റേഷനറി സ്റ്റാള്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പച്ചക്കറി, മുട്ട എന്നിവ വില്‍ക്കുന്ന കടകളില്‍ മുകളിലെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ തകര്‍ത്തും മൊബൈല്‍ ഷാപ്പില് മുകളിലെ ഓടുകള്‍ ഇളക്കിമാറ്റിയുമാണ് മോഷ്ടാവ് അകത്തുകയറിയത്.
പിപിഎല്‍ സ്റ്റോറില്‍ സൂക്ഷിച്ച 15,000 രൂപ കവര്‍ന്നു. ഷീറ്റിളക്കിയതിനാല് മഴയെ തുടര്‍ന്ന് അകത്തെ പാക്കിങ് സാധനങ്ങള്‍ ഉള്‍പ്പെടെ കുതിര്‍ന്നു നശിച്ചതായി കടയുടമ ധര്‍മ്മടം സ്വദേശി നൗഷാദ് പറഞ്ഞു. ടിസി മുക്കിലെ മൊബൈല്‍ ഷോപ്പില്‍നിന്നു വില്പനക്ക് വെച്ചതും റിപ്പയറിനായി നല്കിയതുമായ മൊബൈല്‍ സെറ്റുകള്‍, ഹെഡ്സെറ്റുകള്‍, ചാര്‍ജറുകള്‍ ഉള്‍പ്പെടെ കവര്‍ന്നിട്ടുണ്ട്. ഏതാണ്ട് 19,000 രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പൊന്ന്യം ചുണ്ടങ്ങാ പൊയില്‍ സ്വദേശിനി ഷീബാ ജയന് പറഞ്ഞു.
തൊട്ടപ്പുറത്തുള്ള ലോട്ടറി കം സ്റ്റേഷനറി കടയിലും മോഷണം നടന്നു. ഇവിടെനിന്ന് 12 ബംപര്‍ ലോട്ടറി ടിക്കറ്റുകളാണ് കവര്‍ന്നത്. ഏതാണ്ട് 3500 രൂപയുടെ നഷ്ടമുണ്ട്. പരാതികളെത്തിയതിനെ തുടര്‍ന്ന് തലശേരി പോലീസെത്തി അന്വേഷണം തുടങ്ങി. സ്പീക്കറുടെ ക്യാമ്പ് ഓഫീസിന് തൊട്ടടുത്താണ് മോഷണ പരമ്പര അരങ്ങേറിയതെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. കണ്ണൂരില്‍നിന്നു വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തിയത്.