IndiaNEWS

ബിജെപിയെ നേരിടാന്‍ ‘ഇന്ത്യ’; പ്രധാനമന്ത്രി പദത്തിനില്ലെന്ന് കോണ്‍ഗ്രസ്

ബംഗളുരു: ബിജെപിയെ നേരിടാന്‍ 26 പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള സഖ്യം ഇനിമുതല്‍ ‘ഇന്ത്യ’ എന്ന് അറിയപ്പെടും. ഇന്ത്യന്‍ നാഷനല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് (I-N-D-I-A) എന്ന പേരാണ് 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ഐക്യത്തോടെ ബിജെപിയെ നേരിടാന്‍ സ്വീകരിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ വിശാല പ്രതിപക്ഷത്തിന്റെ യോഗത്തിലാണ് പുതിയ പേര് തീരുമാനിച്ചത്. എന്നാല്‍ ഇടത് പാര്‍ട്ടികള്‍ അലയന്‍സ് എന്നത് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സോണിയാ ഗാന്ധി പ്രസിഡന്റായും നിതീഷ്‌കുമാര്‍ കണ്‍വീനറായുമാകും സഖ്യം നയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട് ഒരുമ സൂചിപ്പിക്കുന്നതിനായാണ് ഇന്ത്യ എന്ന് വരുന്ന തരത്തിലുള്ള പേരുകള്‍ സഖ്യം പരിഗണിച്ചത്. ‘യുണൈറ്റഡ് വീ സ്റ്റാന്‍ഡ്’ (ഞങ്ങളൊരുമിച്ച്) എന്ന ഐക്യമുദ്രാവാക്യമുയര്‍ത്തിയാണ് സംയുക്ത പ്രതിപക്ഷയോഗം ചേരുന്നത്.

Signature-ad

അതേസമയം, പ്രധാനമന്ത്രി പദത്തില്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെന്ന് സംയുക്ത പ്രതിപക്ഷയോഗത്തില്‍ വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അറിയിച്ചു. ”നമ്മള്‍ 11 സംസ്ഥാനങ്ങളില്‍ ഭരണമുള്ള 26 പ്രതിപക്ഷ പാര്‍ട്ടികളാണ്. ബിജെപിക്ക് ഒറ്റയ്ക്ക് മത്സരിച്ചാല്‍ 303 സീറ്റുകള്‍ ഉറപ്പാക്കാനാകില്ല. ബിജെപി ദേശീയ അധ്യക്ഷനും മറ്റു മുതിര്‍ന്ന നേതാക്കളും സംസ്ഥാനങ്ങള്‍തോറും എന്‍ഡിഎ സഖ്യം പുനരുജീവിപ്പിക്കാന്‍ നടക്കുകയാണ്. തിരഞ്ഞെടുപ്പ് വിജയിച്ചശേഷം സഖ്യം ഉപേക്ഷിക്കുന്നതാണ് അവരുടെ രീതി” ഖര്‍ഗെ പറഞ്ഞു.

ഇന്നലെ വൈകിട്ട് ചേര്‍ന്ന് അത്താഴവിരുന്നിലാണ് യോഗത്തിന്റെ അജന്‍ഡകള്‍ തീരുമാനിച്ചത്. ഇന്നു നടന്ന യോഗത്തില്‍ എന്‍സിപി നേതാവ് ശരദ് പവാറും പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, എം.കെ.സ്റ്റാലിന്‍, നിതീഷ്‌കുമാര്‍, അരവിന്ദ് കേജ്രിവാള്‍, ഹേമന്ത് സോറന്‍, പാര്‍ട്ടിനേതാക്കളായ സീതാറാം യച്ചൂരി (സിപിഎം), ലാലു പ്രസാദ് യാദവ് (ആര്‍ജെഡി), ഡി.രാജ (സിപിഐ) അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

തിങ്കളാഴ്ച വൈകിട്ട് താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലില്‍ നടന്ന അത്താഴവിരുന്നില്‍ മമത ബാനര്‍ജിയും സോണിയ ഗാന്ധിയും അടുത്തടുത്ത കസേരകളിലാണ് ഇരുന്നത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് അത്താഴവിരുന്നൊരുക്കിയത്.

ബിഹാറിലെ പട്നയില്‍ കഴിഞ്ഞ മാസം ചേര്‍ന്ന ആദ്യ പ്രതിപക്ഷ യോഗത്തില്‍ 15 പാര്‍ട്ടികളാണ് പങ്കെടുത്തത്.

Back to top button
error: