KeralaNEWS

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വെള്ളിയാഴ്ചത്തേയ്ക്കു മാറ്റി

തിരുവനന്തപുരം: ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്‌കാര പ്രഖ്യാപനം മാറ്റിവച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.

Signature-ad

ഇത്തവണ 156 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. സിനിമകളുടെ എണ്ണം കൂടിയതോടെ മത്സരവും കടുത്തു. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ഇത്തവണയും ത്രിതലജൂറിയാണ് വിധി നിര്‍ണയിക്കുന്നത്.

പ്രാഥമികതലത്തിലെ രണ്ടുജൂറികള്‍ (ഉപസമിതികള്‍) വിലയിരുത്തുന്ന സിനിമകളില്‍ 30 ശതമാനം അന്തിമ ജൂറിക്ക് അയയ്ക്കും. പ്രാഥമിക ജൂറി വിലയിരുത്തിയ സിനിമകളില്‍ തര്‍ക്കമുള്ളവ അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം. രണ്ടുജൂറിയുടെയും അധ്യക്ഷന്‍മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.

ഒന്നാം ഉപസമിതിയില്‍ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയര്‍മാന്‍. എഴുത്തുകാരായ വി.ജെ. ജയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകന്‍ റോയ് പി. തോമസ് എന്നിവരാണ് അംഗങ്ങള്‍. രണ്ടാംസമിതിയില്‍ സംവിധായകന്‍ കെ.എം. മധുസൂദനനാണ് ചെയര്‍മാന്‍. നിര്‍മാതാവ് ബി.കെ. രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാന്‍, വിനോദ് സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍.

ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഉപസമിതികളിലെ ചെയര്‍മാന്‍മാര്‍ക്കുപുറമേ ഛായാഗ്രാഹകന്‍ ഹരിനായര്‍, സൗണ്ട് ഡിസൈനര്‍ ഡി. യുവരാജ്, നടി ഗൗതമി, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവര്‍ അംഗങ്ങളാണ്.

 

Back to top button
error: