ന്യൂഡല്‍ഹി: നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് സിപിഐ ദേശീയ കൗണ്‍സില്‍ യോഗം. കൂടുതല്‍ സീറ്റുകളില്‍ വിജയം നേടാനുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് പാര്‍ട്ടി കടക്കുന്നത്. ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടശേഷം ചേര്‍ന്ന ആദ്യ കൗണ്‍സില്‍ യോഗത്തിലാണ് പാര്‍ലമെന്ററി പ്രാതിനിധ്യമുറപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന തീരുമാനം പാര്‍ട്ടി എടുത്തത്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായിരുന്നു പാര്‍ട്ടി ദേശീയ കൗണ്‍സില്‍ ഡല്‍ഹിയില്‍ ചേര്‍ന്നത്.
വിജയസാധ്യതയുള്ള മണ്ഡലങ്ങളും സ്ഥാനാര്‍ഥികളെയും കണ്ടെത്തി പ്രവര്‍ത്തനം ആരംഭിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനും ഫണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ബിജെപിക്കെതിരേ സംസ്ഥാന തലത്തിലാകും സീറ്റുവിഭജന ചര്‍ച്ചകള്‍ നടത്തുകയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കി.
ഓരോ സംസ്ഥാനത്തെയും സ്ഥിതി വ്യത്യസ്തമാണ്. പാര്‍ട്ടിക്ക് കൂടുതല്‍ ശക്തിയുള്ള മേഖലകളില്‍ ചര്‍ച്ചകളിലൂടെ അര്‍ഹമായ സീറ്റുകള്‍ ആവശ്യപ്പെടും. എന്നാല്‍, യാഥാര്‍ഥ്യബോധത്തോടെയേ സീറ്റാവശ്യപ്പെടുകയുള്ളൂവെന്നും ഡി രാജ പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ലോക്‌സഭ സീറ്റുകള്‍ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങും.
ഏക സിവില്‍ കോഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങളും സിപിഐ നേതൃയോഗം വിലയിരുത്തി. കരടുബില്‍ പോലും മുന്നോട്ടുവെക്കാതെ ബിജെപി. രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ വിഭാഗീയതയുണ്ടാക്കാനാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രമിക്കുന്നത്.
എല്ലാ വിഭാഗം സ്ത്രീകള്‍ക്കും സമത്വവും ശാക്തീകരണവുമാണ് പാര്‍ട്ടിയുടെ നിലപാട്. നിയമങ്ങളുടെ ഏകീകരണം തുല്യതയല്ല. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കും. എല്ലാ പാര്‍ട്ടികള്‍ക്കുമെന്നപോലെ സെമിനാര്‍ സംഘടിപ്പിക്കാന്‍ സിപിഎമ്മിന് അവകാശമുണ്ട്. അത്തരം വേദികളുമായി സിപിഐ സഹകരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.