കണ്ണൂര്‍: ശ്രീകണ്ഠപുരം മടമ്പത്തെ മില്‍മ ഡയറിയുടെ മുറ്റത്ത് മാര്‍ഗ തടസം സൃഷ്ടിച്ച് ചരക്കുലോറി നിര്‍ത്തിയിട്ടിട്ട് നാലുമാസം! ലോറി ഉടമയുമായി പിണങ്ങിയതിനെത്തുടര്‍ന്ന് പാല്‍പാക്കറ്റ് നിര്‍മിക്കുന്ന വസ്തുക്കളുമായി എത്തിയ ഡ്രൈവര്‍ വാഹനമുപേക്ഷിച്ച് മുങ്ങുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 14-നാണ് മഹാരാഷ്ട്രയില്‍നിന്നുള്ള ഉല്‍പന്നങ്ങളുമായി എംഎച്ച് 12 പിക്യു 7717 നമ്പര്‍ ലോറി മലയോര ഡയറിയിലെത്തിയത്. യാത്രാമധ്യേ ഉടമയുമായി തര്‍ക്കിച്ചെന്ന് ഡ്രൈവര്‍ അവിടത്തെ ജീവനക്കാരോട് പറഞ്ഞിരുന്നു. ഫോണിലൂടെയുള്ള വാക്കേറ്റത്തില്‍ പ്രകോപിതനായ ലോറി ഡ്രൈവര്‍ ലോഡ് ഇറക്കിയശേഷം താക്കോല്‍ വാഹനത്തില്‍ തന്നെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു.
പിന്നീട് മില്‍മ മലയോര ഡയറി അധികൃതര്‍ ഡ്രൈവറെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് മില്‍മ മാനേജര്‍ ശ്രീകണ്ഠപുരം പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വാഹനത്തിന്റെ ആര്‍സി ഉടമയ്ക്ക് രജിസ്ട്രേഡായി കത്തയച്ചിട്ടും യാതൊരു വിവരവും ലഭിച്ചിടില്ല. ഇതോടെ ലോറി മോഷണം പോകാതെ സംരക്ഷിക്കേണ്ട അവസ്ഥയിലായി മില്‍മ ഡയറി അധികൃതര്‍.