ചെന്നൈ: കോതയാര്‍ വനമേഖലയില്‍ കഴിയുന്ന അരിക്കൊമ്പന് നിലവില്‍ മറ്റ് ആനക്കൂട്ടങ്ങളോടൊപ്പം ചേര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്. തമിഴ്നാട് വനം വകുപ്പിനെ ഉദ്ധരിച്ച് അഡ്വ. ശ്രീജിത്ത് പെരുമനയാണ് ആനയുടെ പുതിയ വിവറങ്ങള്‍ പങ്കുവെച്ചത്. അരിക്കൊമ്പന് കളക്കാട് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ്വില്‍ മുതുകുഴി, കോതയാര്‍ ഭാഗത്ത് ആരോഗ്യവാനായി വിഹരിക്കുകയാണ്. തുമ്പി കയ്യിലെ മുറിവ് പൂര്‍ണ്ണമായും ഉണങ്ങി എന്നും വനം വകുപ്പില്‍ നിന്ന് അനൗദ്യോഗികമായി ലഭിച്ച വിവരങ്ങളെന്ന് പറഞ്ഞുകൊണ്ട് ശ്രീജിത്ത് പെരുമന പറയുന്നു.
വൃഷ്ടിപ്രദേശത്തു നിന്നും കാട്ടിലേക്ക് കയറുന്ന ആന നിലവില്‍ മറ്റ് ആനക്കൂട്ടങ്ങളോടൊപ്പം ചേര്‍ന്നിട്ടില്ല. മൂന്ന് പ്രാവശ്യം ക്യാമറ ട്രാപ്പില്‍ മറ്റ് ആനകളോടൊപ്പം കണ്ടെന്നുള്ളത് വനം വകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്. ആനയുടെ ആരോഗ്യവും നിലവിലെ വിവരങ്ങളും ഉള്‍പ്പെടുന്ന വിശദ റിപ്പോര്‍ട്ട് വകുപ്പ് സെക്രട്ടറിക്കും, ഹൈക്കോടതിക്കും കൈമാറുമെന്നും ഉദ്യോഗസ്ഥന് പറഞ്ഞായി ശ്രീജിത്ത് പെരുമന പറയുന്നു.
അരിക്കൊമ്പന്റെ തുമ്പി കയ്യിലെ മുറിവ് പൂര്‍ണ്ണമായും ഉണങ്ങി എന്ന് ഫീല്‍ഡ് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസിനെ അറിയിച്ചിട്ടുള്ളത്. ഇതൊരു സീക്രട്ട് ഓപ്പറേഷന് ആയതിനാല്‍ ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിന് പരിമിതികള്‍ ഉണ്ടെന്ന് കളക്കാട് ആര്‍എഫ്ഒ പറഞ്ഞു. എന്നാല്‍ ആന പൂര്‍ണ്ണ ആരോഗ്യവനാണ് എന്നും പ്രദേശത്തോട് ഇണങ്ങാന്‍ സാധ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന് വ്യക്തമാക്കിയതായും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
അരിക്കൊമ്പനെ ഒരു സാഹചര്യത്തിലും കൂട്ടില്‍ അടയ്ക്കില്ലെന്ന് ഉദ്യോഗസ്ഥന് പറഞ്ഞതായും ശ്രീജിത്ത് പെരുമന വ്യക്തമാക്കി. ‘മലയാളികളുടെ ആശങ്ക മനസിലാക്കുന്നു. ആന മലയാളികള്‍ക്ക് എത്ര പ്രിയപ്പെട്ടതാണോ അതിനേക്കാള്‍ തമിഴ്നാട് വനം വകുപ്പിന് പ്രിയപ്പെട്ടതാണ്. ഒരു സാഹചര്യത്തിലും പിടിച്ച് കൂട്ടില്‍ അടയ്ക്കില്ല എന്നും ആനയെ ഫീല്‍ഡില്‍ നിരീക്ഷിക്കുന്നതിനു നേതൃത്വം നല്കുന്ന ആര്‍എഫ്ഒ അറിയിച്ചു” ശ്രീജിത്ത് പെരുമന പറഞ്ഞു.
അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ ഉണ്ടെങ്കിലും ഉന്നത അനുമതി ഇല്ലാതെ പുറത്ത് വിടാനോ, കൈമാറാനോ സാധിക്കില്ല എന്നും ആര്‍എഫ്ഒ അറിയിച്ചു. കളക്കാട് ടൈഗര്‍ റിസര്‍വിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അടുത്ത ദിവസങ്ങളില്‍ നേരില്‍ കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.