തിരുവനന്തപുരം:പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടും എങ്ങുമെത്താതെ അന്വേഷണം.തിരുവനന്തപുരത്തെ ഉദ്യോഗസ്ഥന്റെ 13കാരിയായ ഏക മകള്‍ മരിക്കുന്നതിന് മുൻപ് ക്രൂരമായ പീഡനത്തിന് വിധേയയായിരുന്നുവെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന് 100 ദിവസം പിന്നിട്ടിട്ടും മരണത്തിന് ഉത്തരവാദി ഇപ്പോഴും കാണാമറയത്ത് തന്നെയാണ്.
കോട്ടണ്‍ഹില്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ മാര്‍ച്ച് 30നാണ് ക്വാര്‍ട്ടേഴ്‌സില്‍ അബോധാവസ്ഥയില്‍ കണ്ടത്. അമ്മ വൈകിട്ട് ആറരയോടെ സായാഹ്ന നടത്തം കഴിഞ്ഞ് വീട്ടിലെത്തുമ്ബോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കുമ്ബോഴാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടനെ ജനറല്‍ ആശുപത്രിയിലും പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചു. മസ്‌തിഷ്ക രക്തസ്രാവം സ്ഥിരീകരിച്ച പെണ്‍കുട്ടി ഏപ്രില്‍ 2നാണ് മരിച്ചത്.
മരിക്കുന്നതിന് വളരെനാള്‍ മുമ്ബുതന്നെ പെണ്‍കുട്ടി പലവട്ടം പീഡനത്തിന് വിധേയയായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ്. പ്രകൃതിവിരുദ്ധ പീഡനമടക്കം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലത്തില്‍ മയക്കുമരുന്നിന്റെ അംശം സ്ഥിരീകരിച്ചിട്ടുണ്ട്.
ക്ലാസ് ലീഡറായിരുന്ന പെണ്‍കുട്ടി പഠനത്തിലും നൃത്തത്തിലുമെല്ലാം മുന്നിലായിരുന്നു. സഹപാഠികള്‍ക്കും അദ്ധ്യാപകര്‍ക്കും നല്ല അഭിപ്രായം മാത്രം. പൊലീസിന്റെ വാഹനത്തില്‍ സ്‌കൂളിലെത്തി, അതേ വാഹനത്തില്‍ മടങ്ങിയെത്തുന്നതാണ് രീതി. എട്ടാം ക്ലാസിലെ വര്‍ഷാവസാന പരീക്ഷ കഴിഞ്ഞെത്തിയ ദിവസമാണ് ദാരുണ സംഭവമുണ്ടായത്.
സ്‌കൂളില്‍ നിന്ന് പെണ്‍കുട്ടി വൈകിട്ട് വീട്ടിലെത്തിയ ശേഷം കുട്ടിയുടെ അമ്മ, സമീപ ക്വാര്‍ട്ടേഴ്‌സിലെ സ്ത്രീകള്‍ക്കൊപ്പം നടക്കാനിറങ്ങുന്ന പതിവുണ്ട്. മടങ്ങിയെത്താൻ രണ്ടുമണിക്കൂറെങ്കിലുമെടുക്കും. ഈ സമയം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ അപരിചിതരെത്തുന്നത് മറ്റാരും കണ്ടിട്ടില്ല. പ്രതിയെക്കുറിച്ചോ ക്വാര്‍ട്ടേഴ്‌സിന് പുറത്താണോ പീഡനം നടന്നത് എന്നതിനെക്കുറിച്ചോ യാതൊരു ധാരണയുമില്ല.
സെക്രട്ടേറിയറ്റിന്റെ മൂക്കിൻതുമ്ബത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സേനയിലെ ഒരംഗത്തിന്റെ മകളുടെ അസ്വാഭാവിക മരണത്തിന് പിന്നിലെ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസ് യാതൊരു താത്പര്യവും കാണിക്കാതിരിക്കുന്നതിന് കാരണമെന്താകുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം ജില്ലാ ക്രൈംബ്രാഞ്ചായിരുന്നു അന്വേഷിച്ചത്. ഡിവൈ.എസ്.പി ബിജുകുമാറിനായിരുന്നു അന്വേഷണചുമതല.കേസ് പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.ഡിവൈ.എസ്.പി അനീഷ് ലാലിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചയുടൻ ഇദ്ദേഹം മറ്റൊരു കേസില്‍ സസ്‌പെൻഷനിലായി.പിന്നീട് അന്വേഷണം എങ്ങുമെത്തിയില്ല.
പ്രതി പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ തന്നെ താമസക്കാരില്‍ ആരെങ്കിലുമാണോ അതോ പുറത്തുനിന്നുള്ള വ്യക്തിയാണോ എന്നതിൽപ്പോലും വ്യക്തതയില്ല.
പൊലീസുകാരന്റെ മകള്‍ക്ക് ഈ ഗതിയാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥയെന്താകുമെന്നാണ് നാട്ടുകാരുടെ ചോദ്യം.