KeralaNEWS

ആലപ്പുഴയില്‍ രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ ലിഷ; എറണാകുളത്ത് അനില്‍ ആന്റണി? ബിജെപിയുടെ സാധ്യതാ പട്ടിക ഇങ്ങനെ

കൊച്ചി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതാ പട്ടികയില്‍ ആലപ്പുഴയില്‍ കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യയും. രണ്ട് കേന്ദ്രമന്ത്രിമാര്‍ തലസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്തും വി മുരളീധരന്‍ ആറ്റിങ്ങലിലും മത്സരിക്കാനാണ് സാധ്യത. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും പ്രധാന നേതാവുമായ കുമ്മനം രാജേശഖേരന്റെ പേര് രണ്ട് മണ്ഡലങ്ങളിലേക്കാണ് പാര്‍ട്ടി പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കൊല്ലത്തും പത്തനംതട്ടയിലുമാണ് ഇത്. കൊല്ലം മണ്ഡലത്തില്‍ പ്രഥമ പരിഗണന കുമ്മനത്തിന് തന്നെയാകും. ഇവിടെ രണ്ടാമതായി ബിബി ഗോപകുമാറിന്റെ പേരിനാണ് സാധ്യത. പത്തനംതിട്ടയില്‍ കൂടുതല്‍ സാധ്യത ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് തന്നെയാണ്. അതല്ലെങ്കില്‍ കുമ്മനമാകും ഇവിടെ ജനവിധി തേടുക.

Signature-ad

ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരിക്കെ കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്ത് ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയായേക്കുമെന്നതാണ് പട്ടികയിലെ മറ്റൊരു സവിശേഷത. എസ്ഡിപിഐ പ്രവര്‍ത്തകരായായിരുന്നു രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നില്‍. രഞ്ജിത്തിന്റെ കൊലപാതകം സംസ്ഥാനമാകെ ചര്‍ച്ചയായതുമാണ്. ലിഷ മത്സരിക്കുകയാണെങ്കില്‍ ഇത് വോട്ടായി മാറുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ലിഷയ്ക്ക് പുറമെ ഡോ. കെഎസ് രാധാകൃഷ്ണന്റെ പേരാണ് ആലപ്പുഴ മണ്ഡലത്തിലുള്ളത്. മാവേലിക്കര മണ്ഡലത്തില്‍ പന്തളം പ്രതാപനാണ് സാധ്യത.

കോട്ടയത്ത് വിക്ടര്‍ ടി തോമസ് ആകും എന്‍ഡിഎ സ്ഥാനാര്‍ഥിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കെത്തിയ അനില്‍ ആന്റണി എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കും. രാജ്യത്ത് തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച വാര്‍ത്തയായിരുന്നു എകെ ആന്റണിയുടെ മകന്റെ ബിജെപി പ്രവേശം. അനില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അനില്‍ ആന്റണിയ്ക്ക് പുറമെ വിനീത ഹരിഹരന്‍, ടി പി സിന്ധുമോള്‍ എന്നിവരുടെ പേരുകളാണ് എറണാകുളത്ത് ഉള്ളത്.

തൃശൂരില്‍ സുരേഷ് ഗോപി തന്നെയാകും ഇത്തവണയും ജനവിധി തേടുക. ചാലക്കുടിയില്‍ ജേക്കബ് തോമസ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ബിജെപിയ്ക്ക് പ്രതീക്ഷയുള്ള പാലക്കാട് സി കൃഷ്ണകുമാര്‍, ശോഭ സുരേന്ദ്രന്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണ് സാധ്യത പറയുന്നത്. ആലത്തൂരില്‍ പി സുധീറിന്റെ പേരാണ് റിപ്പോര്‍ട്ടിലുള്ളത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയാകും മലപ്പുറത്തെ സ്ഥാനാര്‍ഥി. പൊന്നാനിയില്‍ പ്രഫുല്‍ കൃഷ്ണയും ജനവിധി തേടിയേക്കും

കോഴിക്കോട് മണ്ഡലത്തില്‍ എംടി രമേശ്, വടകര പ്രകാശ് ബാബു എന്നിവര്‍ക്ക് സാധ്യത പറയുന്ന പട്ടികയില്‍ കണ്ണൂരില്‍ പി കെ കൃഷ്ണദാസിനും ശോഭ സുരേന്ദ്രനുമാണ് സാധ്യത നല്‍കുന്നത്. കെ രഞ്ചിത്തിന്റെ പേരും കണ്ണൂരിലേക്ക് പരിഗണിച്ചേക്കും. പി കെ കൃഷ്ണദാസ് കാസര്‍കോട് നിന്നാകും ജനവിധി തേടുക. കൃഷ്ണദാസിന് പുറമെ കെ ശ്രീകാന്തും ഇവിടെ സ്ഥാനാര്‍ഥി ചര്‍ച്ചയിലുണ്ടാകും. ഇടുക്കി, വയനാട് സീറ്റുകളില്‍ ബിഡിജെഎസ് ആകും ജനവിധി തേടുക.

 

Back to top button
error: