കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎം സാമുദായിക വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ധിഖ്. ഇഎംഎസിന്റെ നിലപാടാണോ എംവി ഗോവിന്ദന്റെ നിലപാടാണോ ശരിയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം യുഡിഎഫിൽ ഭിന്നതയുണ്ടാക്കാനാണ് മുസ്ലിം ലീഗിനെ സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചതെന്നും പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് ഒരു സാമുദായിക വിഷയമായാണ് സിപിഎം കാണുന്നത്. അവർ ഇക്കാര്യത്തിൽ ഡ്രാക്കുളയാണ്. അടുത്ത തെരഞ്ഞെടുപ്പാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഈ വർഷത്തെ ഇഎംഎസിന്റെ ലോകം എന്ന സെമിനാറിൽ ഏകീകൃത സിവിൽ കോഡും വ്യക്തി നിയമവും എന്ന വിഷയം ചർച്ച ചെയ്യാൻ സിപിഎമ്മിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന്റെ ആദ്യ ജനസദസ് ഈ മാസം 22 ന് കോഴിക്കോട്ട് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ രാഷ്ടീയ രംഗത്തെ പ്രമുഖർ ഈ ജനസദസ്സിൽ പങ്കെടുക്കും. ഇടതുമുന്നണിയിലെ ഒരു പാർട്ടിയെയും ക്ഷണിക്കില്ലെന്ന് പറഞ്ഞ കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, സി പി എം നയിക്കുന്ന ഇടതു മുന്നണിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും കുറ്റപ്പെടുത്തി. തീവ്രവാദ നിലപാട് എടുക്കുന്ന സാമുദായിക പാർട്ടികൾ ഒഴികെ എല്ലാ സാമുദായിക സംഘടനകളെയും ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.